കോഴിക്കോട്: മാനസിക വെല്ലുവിളി നേരിടുന്ന വയോധികയ്‌ക്കും കുടുംബത്തിനും കുടിവെള്ളം മുട്ടിച്ച് വാട്ടർ അതോറിറ്റി. കോഴിക്കോട് ഫാറൂഖിലാണ് സംഭവം. സരോജിനിയമ്മയുടെ വീട്ടിലെ കണക്ഷനാണ് വാട്ടർ അതോറിറ്റി വിച്ഛേദിച്ചത്.
ഇടിഞ്ഞുവീഴാറായ ഒറ്റമുറി വീട്ടിലാണ് സരോജിനിയമ്മയും മകനും കൊച്ചമകനും കഴിയുന്നത്. അമ്മയുടെയും രണ്ട് വയസുകാരൻ മകന്റെയും ചികിത്സയ്‌ക്കുള്ള പണം കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ് കൂലിപ്പണിക്കാരനായ സരോജിനിയുടെ മകൻ സുനിൽ. മകന്റെ ചികിത്സയ്‌ക്കായി ആശുപത്രിയിൽ കഴിയുന്നതിനിടെയാണ് മുന്നറിയിപ്പില്ലാതെ ജല അതോറിറ്റി കുടിവെള്ള കണക്ഷൻ വിച്ഛേദിച്ചത്.
പണം അടയ്‌ക്കാൻ നിവൃത്തി ഇല്ലെന്ന് ചൂണ്ടിക്കാണിച്ചിട്ടും ഒരു മാനുഷിക പരിഗണനയും അധികൃതർ കാണിച്ചില്ലെന്ന് കുടുംബം പരാതിപ്പെടുന്നു. കിലോമീറ്ററുകൾ താണ്ടിയാണ് കുടുംബം വെള്ളം കണ്ടെത്തുന്നത്. പട്ടികജാതി വിഭാഗത്തിൽ പെട്ട കുടുംബത്തിന് ആനുകൂല്യങ്ങൾ ലഭിക്കുന്നില്ലെന്ന പരാതിയും നാട്ടുകാർ ഉന്നയിക്കുന്നു. ഇവ നിഷേധിക്കുന്നതിനിടയിലാണ് വാട്ടർ അതോറിറ്റിയുടെ കണ്ണില്ലാ ക്രൂരത.















