ന്യൂഡൽഹി: ഇന്ത്യയുടെ പ്രതിരോധ മേഖലയ്‌ക്ക് മുതൽക്കൂട്ടാകാൻ LRLACM. ഡിആർഡിഒ-യുടെ മേൽനോട്ടത്തിൽ തദ്ദേശീയമായി വികസിപ്പിച്ച ലോംഗ് റേഞ്ച് ലാൻഡ് അറ്റാക്ക് ക്രൂയിസ് മിസൈലിന്റെ പരീക്ഷണ വിക്ഷേപണം ഒഡിഷ തീരത്ത് വിജയകരമായി പൂർത്തിയാക്കി. ചണ്ഡിപൂരിലെ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിലായിരുന്നു (ITR) വിക്ഷേപണം. മൊബൈൽ ആർട്ടിക്കുലേറ്റഡ് ലോഞ്ചറിൽ നിന്നാണ് മിസൈൽ പരീക്ഷിച്ചത്.
പ്രതീക്ഷിച്ചതുപോലെ എല്ലാ ഉപസംവിധാനങ്ങളും കൃത്യമായി പ്രവർത്തിച്ചു. പ്രാഥമിക ദൗത്യ ലക്ഷ്യങ്ങളും നിറവേറ്റി. റഡാർ, ഇലക്ട്രോ ഒപ്റ്റിക്കൽ ട്രാക്കിംഗ് സിസ്സറ്റം, ടെലിമെട്രി തുടങ്ങി വിവിധ റേഞ്ച് സെൻസറുകളിലൂടെ മിസൈലിന്റെ പ്രകടനം നിരീക്ഷിച്ചതായും ഡിആർഡിഒ അറിയിച്ചു. വിപുലവും അത്യാധുനികവുമായ ഏവിയോണിക്സും സോഫ്റ്റ്വെയറുകളുമാണ് മിസൈലിൽ ഉപയോഗിച്ചിരിക്കുന്നത്. വ്യത്യസ്ത വേഗതയിലും ഉയരങ്ങളിലും സഞ്ചരിക്കുമ്പോഴുള്ള മിസൈലിന്റെ പ്രവർത്തനക്ഷമത അളന്നതായും ഡിആർഡിഒ അറിയിച്ചു.
ഡിആർഡിഒയുടെ സഹകരണത്തോടെ ബെംഗളൂരുവിലെ എയ്റോനോട്ടിക്കൽ ഡെവലപ്മെന്റ് എസ്റ്റാബ്ലിഷ്മെന്റ് വികസിപ്പിച്ച മിസൈലാണ് LRLACM. ഹൈദരാബാദിലെ ഭാരത് ഡൈനാമിക്സ് ലിമിറ്റഡ്, ബെംഗളൂരുവിലെ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് എന്നിവയാണ് LRLACM-ന്റെ ഉത്പാദന പങ്കാളികൾ. മിസൈൽ വികസിപ്പിക്കുന്നതിലും തയ്യാറാക്കുന്നതിലും ഇരുകമ്പനികൾക്കും പങ്കുണ്ടായിരുന്നു. വിവിധ ഡിആർഡിഒ ലബോറട്ടറികളിൽ നിന്നുള്ള മുതിർന്ന ശാസ്ത്രജ്ഞരും മറ്റ് പ്രതിനിധികളും മിസൈൽ നിർമാണ സമയത്ത് വിശദമായ പരിശോധനകൾ നടത്തി.
ദീർഘദൂരത്തുള്ള ലക്ഷ്യസ്ഥാനങ്ങളിലേക്ക് കുതിക്കാൻ കെൽപ്പുള്ളവയാണ് LRLACM. ടാർഗെറ്റ് സ്ഥിതിചെയ്യുന്നതിന് കിലോമീറ്ററുകൾ അപ്പുറത്ത് നിന്ന് മിസൈൽ വിക്ഷേപിക്കാൻ കഴിയും. മിസൈലിന്റെ സാന്നിധ്യം കണ്ടുപിടിക്കാൻ സ്ഥാപിച്ചിരിക്കുന്ന ഉപകരണങ്ങൾക്ക് LRLACM അത്രവേഗം കണ്ടെത്താനും നിർവീര്യമാക്കാനും കഴിയില്ല എന്നതാണ് ഏറ്റവും വലിയ സവിശേഷത.