ജയ്പൂർ: പോളിംഗ് ബൂത്തിന് പുറത്ത് സ്വതന്ത്ര സ്ഥാനാർത്ഥിയുടെ ആക്രമണം. സബ് ഡിവിഷണൽ മജിസ്ട്രേറ്റിനെ (SDM) മർദ്ദിക്കുകയായിരുന്നു സ്വതന്ത്ര സ്ഥാനാർത്ഥിയായ നരേഷ് മീണ. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
രാജസ്ഥാനിലെ ദിയോളി-യുനിയാര മണ്ഡലത്തിലാണ് സംഭവം. സംറാവത പോളിംഗ് ബൂത്തിന് പുറത്ത് വച്ചാണ് ആക്രമണം നടന്നത്. തെരഞ്ഞെടുപ്പ് ചട്ടങ്ങൾ പാലിക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കാൻ നിയമിതനായ എസ്ഡിഎം അമിത് ചൗധരിയെ യാതൊരു പ്രകോപനവുമില്ലാതെ നരേഷ് മീണ പൊതിരെ തല്ലുകയായിരുന്നു. മുൻ കോൺഗ്രസുകാരനാണ് മീണ. അടുത്തിടെയാണ് പാർട്ടിയിൽ നിന്ന് പുറത്തായത്. സീറ്റ് ലഭിക്കാതെ പോയ ദേഷ്യത്തിൽ സ്വതന്ത്രനായി മത്സരിക്കുകയായിരുന്നു. ഭാരത് ആദിവാസി പാർട്ടിയുടെ പിന്തുണയും മീണയ്‌ക്കുണ്ട്.
2018-ലും 2023-ലും നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാവ് ഹരീഷ് ചന്ദ്ര മീണ ആയിരുന്നു വിജയിച്ചത്. എന്നാൽ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വിജയിച്ച് എംപിയായതിനെ തുടർന്ന് സീറ്റൊഴിയുകയായിരുന്നു. ഇതിന്റെ ഭാഗമായാണ്
ദിയോളി-യുനിയാര സീറ്റിലേക്ക് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.















