കണ്ണൂർ: എഡിഎം നവീൻ ബാബുവിനെതിരെ മുഖ്യമന്ത്രിക്ക് നൽകിയ പരാതി തന്റേതെന്ന നിലപാടിൽ ഉറച്ച് ടി വി പ്രശാന്തൻ. പരാതിയിലെ ഒപ്പും ലീസ് എഗ്രിമെന്റിലെ ഒപ്പും തന്റേത് തന്നെയാണെന്നും പ്രശാന്തൻ പറഞ്ഞു. തനിക്ക് രണ്ട് ഒപ്പുകളുണ്ടെന്ന് പറഞ്ഞ് അദ്ദേഹം മാദ്ധ്യമങ്ങളോട് തട്ടിക്കയറി. എഡിഎമ്മായിരുന്ന നവീൻ ബാബുവിന്റെ മരണത്തിൽ അന്വേഷണ സംഘത്തിന് മൊഴി നൽകാനെത്തിയതായിരുന്നു അദ്ദേഹം.
പ്രത്യേക അന്വേഷണം സംഘം രൂപീകരിച്ചതിന് ശേഷം പ്രശാന്തന്റെ മൊഴി രേഖപ്പെടുന്നത് ഇതാദ്യമായാണ്. ഒപ്പിലെ വൈരുദ്ധ്യം ചൂണ്ടിക്കാട്ടി മാദ്ധ്യമപ്രവർത്തകർ ചോദ്യങ്ങൾ ചോദിച്ചപ്പോഴായിരുന്നു പ്രശാന്തൻ തട്ടിക്കയറിയത്. പെട്രോൾ പമ്പ് എൻഒസിക്ക് വേണ്ടി നൽകിയ അപേക്ഷയിലെ ഒപ്പും മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിലെ ഒപ്പും തന്റേതാണെന്ന് പ്രശാന്തൻ പറയുമ്പോഴും രണ്ടിലും നൽകിയിരിക്കുന്ന പേരുകളിലും വൈരുദ്ധ്യമുണ്ട്.
മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിലെ പേര് പ്രശാന്തൻ എന്നും എൻഒസിക്ക് വേണ്ടി തയ്യാറാക്കിയ അപേക്ഷയിലെ പേര് ടി വി പ്രശാന്ത് എന്നുമാണ്. ഇതുസംബന്ധിച്ച് മുറുപടി പറയാൻ പ്രശാന്തൻ തയ്യാറായില്ല. ഒപ്പ് തന്റേതാണെന്ന് പ്രശാന്തൻ പറയുമ്പോഴും ശാസ്ത്രീയ പരിശോധനകൾ നടത്താൻ അധികൃതർ തയ്യാറായിട്ടില്ല. ഇതിനിടെയാണ് പ്രശാന്തനെ വിളിച്ചുവരുത്തി അന്വേഷണ സംഘം മൊഴി രേഖപ്പെടുത്തിയത്.















