കല്പാത്തി: ചെരുപ്പിട്ട് രഥം വലിച്ച് കോൺഗ്രസ് നേതാക്കൾ. വി. കെ ശ്രീകണ്ഠൻ എംപിയുടെ നേതൃത്വത്തിലാണ് കടുത്ത ആചാരലംഘനം നടത്തിയത്. ചെരുപ്പ് ഇട്ട് രഥം വലിക്കുന്നതിനെതിരെ പെൺകുട്ടികളടക്കമുള്ള ഭക്തർ രംഗത്ത് വന്നിട്ടും ചെവിക്കൊള്ളാൻ കോൺഗ്രസ് നേതാക്കൾ തയ്യാറായില്ല. . ഇതിന്റെ ദൃശ്യങ്ങൾ ജനം ടിവിക്ക് ലഭിച്ചു.
കല്പാത്തി രഥോത്സവത്തിന്റെ ഒന്നാം തേരിനിടെ ഇന്ന് രാവിലെയാണ് സംഭവം. വിശാലാക്ഷി സമേതനായ വിശ്വനാഥ സ്വാമിയായിരുന്നു രഥത്തിൽ എഴുന്നള്ളിയത്. ചെരുപ്പിട്ട് രഥം വലിക്കുന്നത് ശ്രദ്ധയിൽപെട്ടതോടെ ഭക്തർ ഇത് ചോദ്യം ചെയ്തു. ദയവ് ചെയ്ത് ചെരുപ്പിട്ട് രഥം വലിക്കരുതെന്നും ഇത് ആചാരലംഘനമാണെന്നും വിശ്വാസത്തെ അപമാനിക്കരുതെന്നും വി. കെ ശ്രീകണ്ഠനോടും നേതാക്കളോടും ഭക്തർ പറയുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. എന്നിട്ടും ചെരുപ്പ് അഴിച്ച് മാറ്റാനോ അവിടെ നിന്ന് മാറാനോ എംപി കൂട്ടാക്കിയില്ല. പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലും എംപിക്കൊപ്പം ഉണ്ടായിരുന്നു.
അതേസമയം ഇവരുടെ നേരെ എതിർഭാഗത്തായി എൻഡിഎ സ്ഥാനാർത്ഥി സി. കൃഷ്ണകുമാർ, സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ, കുമ്മനം രാജശേഖരൻ അടക്കമുള്ള മുതിർന്ന നേതാക്കൾ നഗ്നപാദരായി രഥം വലിക്കുന്നതും കാണാമായിരുന്നു.
ക്ഷേത്രം പോലെ പരിവാനമായ ഇടമാണ് രഥം ഉരുളുന്ന അഗ്രഹാരവീഥികളും. രഥം വലിക്കുന്നതും കയർ തൊടുന്നതും പുണ്യമായാണ് ഭക്തർ കണക്കാക്കുന്നത്. മത്സ്യമാംസാദികൾ ഭക്ഷിക്കാതെ പാദരക്ഷകൾ ഉപേക്ഷിച്ചാണ് രഥം വലിക്കാനായി ഭക്തർ എത്തുന്നത്
രഥോത്സവത്തിന്റെ അന്ന് ഭഗവാൻ നേരിട്ട് ഭക്തരെ കാണാൻ അഗ്രഹാരത്തിൽ എത്തുന്നുവെന്നാണ് വിശ്വാസം. അതീപാവനമായ ഈ ചടങ്ങിനിടെയാണ് കോൺഗ്രസ് നേതാക്കൾ ഭക്തരുടെ വിശ്വാസത്തെ അടക്കം ചോദ്യം ചെയ്യുന്നത് പോലെ പെരുമാറിയത്.















