ഹൈദരാബാദ്: പുഴ മുറിച്ചുകടക്കാൻ പാലം പണിതു, ആ പാലം പൊളിഞ്ഞുപോയാലോ? പുഴ നീന്തിക്കടക്കേണ്ടി വരും, അല്ലെങ്കിൽ വഞ്ചിയിറക്കണം. അതുമല്ലെങ്കിൽ ഒരു ഇരുമ്പ് പൈപ്പ് കുറുകെയിട്ട് നിരങ്ങി നീങ്ങിയാലും മതിയെന്നാണ് ഈ വൈറൽ വീഡിയോ സൂചിപ്പിക്കുന്നത്. പാലം പൊളിഞ്ഞുവീണതോടെ പ്രതിസന്ധിയിലായിരുന്നു നാട്ടുകാർ. പുഴയ്‌ക്ക് അക്കരെയെത്താൻ മറ്റ് വഴികളില്ലാതെ അടിമുടി പ്രയാസപ്പെട്ടു. അപ്പോഴാണ് ഗ്രാമവാസിയായ സുദ്ദ വാഗുവിന് ഒരു ഐഡിയ തോന്നിയത്.
Watch | Man Slides Down Pipe To Cross Collapsed Bridge In Telangana pic.twitter.com/JvwsQuXidS
— NDTV (@ndtv) November 13, 2024
പാലത്തിന്റെ ഇപ്പുറത്ത് നിന്ന് അപ്പുറത്തേക്ക് ഒരു ഇരുമ്പ് പൈപ്പിട്ടു. എന്നിട്ട് അക്കരെയെത്തുവോളം പൈപ്പിൽ ഇരുന്ന് നിരങ്ങിനീങ്ങി. ഇതിന്റെ വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ജീവൻ അപകടത്തിലാക്കി വയോധികൻ കാണിച്ച ‘പണി’ അധികാരികളുടെ കണ്ണുതുറപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. തെലങ്കാനയിലെ നിർമൽ-കുന്ദല ജില്ലയിലുള്ള കല്ലുരു ഗ്രാമത്തിലാണ് ഈ വൈറൽ പാലവും പൈപ്പുമുള്ളത്. നാട്ടിലെ സാധാരണക്കാർക്ക് പൈപ്പിട്ട് പാലം കടക്കേണ്ട ഗതികേട് വരുത്തിയ കോൺഗ്രസ് സർക്കാരിനെതിരെയും വിമർശനം ഉയരുകയാണ്.