വയനാട്: ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിൽ കള്ളവോട്ട് രേഖപ്പെടുത്തിയതായി പരാതി. മുണ്ടക്കൈ ദുരിതബാധിതർക്കായി മേപ്പാടിയിൽ പ്രത്യേകം സജ്ജീകരിച്ച പോളിംഗ് ബൂത്തിലാണ് കള്ളവോട്ട് രേഖപ്പെടുത്തിയത്.
നബീസ അബൂബക്കറിന്റെ വോട്ടാണ് മറ്റൊരാൾ നേരത്തെ രേഖപ്പെടുത്തിയത്. 168-ാം ബൂത്തിൽ വോട്ട് ചെയ്യാനെത്തിയപ്പോഴായിരുന്നു സംഭവം. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങളൊന്നും അധികൃതർ പുറത്തുവിട്ടില്ല. സംഭവത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ അന്വേഷണം നടത്തണമെന്നും വോട്ടർമാർ ആവശ്യപ്പെട്ടു.
വയനാട് ഉപതെരഞ്ഞെടുപ്പിന്റെ ഭാഗമായി ദുരിതബാധിതർക്ക് പോളിംഗ് ബൂത്തുകൾ പ്രത്യേകം സജ്ജീകരിച്ചിരുന്നു. അട്ടമലയിൽ പോളിംഗ് ബൂത്താകേണ്ടിരുന്ന വെള്ളാർമല സ്‌കൂൾ ഉരുൾപൊട്ടലിൽ തകർന്നതോടെ ഇത്തവണത്തെ പോളിംഗ് സ്‌റ്റേഷൻ മറ്റൊരിടത്തായിരുന്നു ക്രമീകരിച്ചത്.
വോട്ടർ പട്ടികയിൽ പേരുള്ള നിരവധി പേർ ഉരുൾപൊട്ടലിൽ മരിച്ചിരുന്നു. ഇവരുടെ വോട്ടുകളും കള്ളവോട്ടുകളായി രേഖപ്പെടുത്തിയിട്ടുണ്ടോയെന്നതടക്കം പരിശോധിക്കേണ്ടതുണ്ട്.















