അമരാവതി: സ്റ്റിംഗ് ഓപ്പറേഷനിലൂടെ വന്യജീവി കടത്ത് സംഘത്തെ പിടികൂടി ഹൈദരാബാദ് ഡിആർഐ (ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ്). ഈനാംപേച്ചിയെ വിൽക്കാൻ ശ്രമിച്ച നാല് പേരെയാണ് DRI പിടികൂടിയത്. ആന്ധ്രയിലെ കദിരിയിലായിരുന്നു സംഭവം.
ഇന്റലിജൻസ് വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു DRI സംഘം എത്തിയത്. ഈനാംപേച്ചിയെ വാങ്ങാൻ വന്നവരാണെന്ന് ചമഞ്ഞെത്തിയ അധികൃതരെ വന്യജീവിക്കടത്തുകാർക്ക് മനസിലാക്കാൻ കഴിഞ്ഞില്ല. ഈനാംപേച്ചിയെ കൈമാറാൻ എത്തിയ കടത്തുസംഘത്തെ കയ്യോടെ പൊക്കുകയായിരുന്നു DRI അധികൃതർ. ആന്ധ്രയിലെ കഡപ്പയിലെ കദിരി-പുലിവേണ്ടുല റോഡിൽ വച്ചാണ് പ്രതികളെ പിടികൂടിയത്.
1972ലെ വന്യജീവി സംരക്ഷണ നിയമപ്രകാരം പ്രതികളെയും ഈനാംപേച്ചിയെയും കദിരി ഫോറസ്റ്റ് റേഞ്ച് ഉദ്യോഗസ്ഥർക്ക് കൈമാറി. കൂടുതൽ നിയമനടപടികൾ വനംവകുപ്പ് സ്വീകരിക്കും.
വന്യജീവി സംരക്ഷണ നിയമത്തിന്റെ ഷെഡ്യൂൾ I, CITES അനുബന്ധം I എന്നിവയ്‌ക്ക് കീഴിലാണ് ഈനാംപേച്ചികളെ പട്ടികപ്പെടുത്തിയിരിക്കുന്നത്. ഏറ്റവും ഉയർന്ന സംരക്ഷണം ലഭിക്കേണ്ട ജീവിവർഗമാണിത്. അക്കാരണത്താൽ ഇവയുടെ വ്യാപാരം നിയമവിരുദ്ധമാണ്.
ഏഷ്യയുടെ ചില ഭാഗങ്ങളിൽ, പ്രത്യേകിച്ച് ചൈനയിൽ ഔഷധഗുണങ്ങളുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന ജന്തുവാണ് ഈനാംപേച്ചി. ഇവയുടെ ചെതുമ്പലിനായി വൻതോതിൽ കടത്തപ്പെടുന്നു. മാത്രവുമല്ല, ഈനാംപേച്ചിയുടെ മാംസം അതീവ രുചികരമായാണ് കണക്കാക്കുന്നത്. അതിനാൽ മാംസത്തിനും ഉയർന്ന വില ലഭിക്കും. ഇക്കാരണത്താൽ ഈനാംപേച്ചി വേട്ടക്കാരും കൂടുതലാണ്.















