ദുബായ്: യുഎഇ ദേശീയ ദിനാഘോഷത്തിന് പുതിയ പേര്. ഇനി മുതൽ ‘ഈദ് അൽ ഇത്തിഹാദ്’ എന്ന പേരിലാകും ദേശിയദിനാഘോഷങ്ങൾ അറിയപ്പെടുക. ഡിസംബർ രണ്ടിനാണ് യുഎഇ ദേശീയദിനം. ഇതോടൊപ്പം ദേശിയദിനത്തിന്റെ ഭാഗമായുള്ള അവധികളും പ്രഖ്യാപിച്ചു.
1971 ഡിസംബർ രണ്ടിനാണ് ഏഴ് എമിറേറ്റുകൾ ചേർന്ന് യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് രൂപംകൊണ്ടത്. 53-ാം ദേശീയദിനത്തോട് അനുബന്ധിച്ച് വിപുലമായ ആഘോഷങ്ങളാണ് രാജ്യത്ത് ഒരുക്കിയിരിക്കുന്നത്. രാജ്യത്തിന്റെ പൈതൃകം, ഐക്യം, ശക്തി, ദേശീയ അഭിമാനം എന്നിവ മുൻനിർത്തിയാകും പരിപാടികൾ.
സുസ്ഥിരതയ്‌ക്കും സഹകരണത്തിനുമാകും ഊന്നൽ. ഇത്തവണത്തെ ഈദ് അൽ ഇത്തിഹാദിന്റെ വേദി എവിടെയാണെന്ന് വ്യക്തമാക്കിയിട്ടില്ല. രാജ്യത്തിന്റെ ഏഴ് എമിറേറ്റുകളിലായി ഒട്ടേറെ ഈദ് അൽ ഇത്തിഹാദ് സോണുകൾ ഉണ്ടാകുമെന്ന് സംഘാടകർ അറിയിച്ചു.
ഡിസംബർ രണ്ടിനും മൂന്നിനുമാണ് ഔദ്യോഗിക അവധിയെങ്കിലും വാരാന്ത്യത്തോട് ചേർന്ന് വരുന്നതിനാൽ നാല് ദിവസത്തെ അവധിയാണ് പൊതുജനങ്ങൾക്ക് ലഭിക്കുക. ആഘോഷങ്ങൾക്ക് പരമാവധി മാലിന്യം കുറക്കണമെന്നും പുനരുപയോഗിക്കാവുന്ന വസ്തുക്കൾ ആശ്രയിക്കണമെന്നും അധികൃതർ ജനങ്ങളോട് ആഹ്വാനം ചെയ്തു.













