ന്യൂയോർക്ക്: യുഎസ് നാഷണൽ ഇന്റലിജൻസ് ഡയറക്ടറായി മുൻ ഡെമോക്രാറ്റ് നേതാവ് തുളസി ഗബ്ബാർഡിനെ നിയമിച്ച് ഡോണൾഡ് ട്രംപ്. രഹസ്യാന്വേഷണ മേഖലയിൽ നിർഭയമായി പ്രവർത്തിക്കാൻ കഴിയുന്ന ആളാണെന്നും റിപ്പബ്ലിക്കൻ പാർട്ടിയുടെ അഭിമാനമാണെന്നുമാണ് തുളസി ഗബ്ബാർഡിനെ ഈ സ്ഥാനത്തേക്ക് നിയമിച്ച ശേഷം ട്രംപ് വിശേഷിപ്പിച്ചത്.
ഡെമോക്രാറ്റിക് പാർട്ടിയിൽ നിന്നും അവർക്ക് വലിയ രീതിയിൽ പിന്തുണയുണ്ടെന്നും ട്രംപിന്റെ പ്രസ്താവനയിൽ പറയുന്നു. ” ഏറ്റവും മികച്ച രീതിയിൽ കരിയർ മുന്നോട്ട് കൊണ്ടുപോകുന്ന തുളസി ഇന്റലിജൻസ് കമ്മ്യൂണിറ്റിക്ക് വേണ്ടിയും നിർഭയമായി പ്രവർത്തിക്കുമെന്ന് ഉറപ്പാണ്. ഭരണഘടനാപരമായ അവകാശങ്ങൾ നേടിയെടുക്കാനും, കൃത്യമായ നയതീരുമാനങ്ങളിലൂടെ സമാധാനം ഉറപ്പാക്കാനും സാധിക്കും. തുളസി എല്ലാവർക്കും അഭിമാനമായി മാറുമെന്നും” ട്രംപ് പറയുന്നു.
ഇന്റലിജൻസ് വിഭാഗത്തിൽ സേവനപരിചയമില്ലെങ്കിലും ഇരുപത് വർഷത്തിലേറെ യുഎസ് മിലിറ്ററിയിൽ സേവനമനുഷ്ഠിച്ചുവെന്ന അനുഭവ സമ്പത്തോടെയാണ് തുളസി നാഷണൽ ഇന്റലിജൻസ് ഡയറക്ടർ സ്ഥാനത്തേക്ക് എത്തുന്നത്. ആർമി നാഷണൽ ഗാർഡിൽ സേവനമനുഷ്ഠിച്ച സമയത്ത് ഇറാഖിലും കുവൈത്തിലും ഇവർ ജോലി ചെയ്തിട്ടുണ്ട്. ഹൗസ് ഹോംലാൻഡ് സെക്യൂരിറ്റി കമ്മിറ്റിയിലും രണ്ട് വർഷം സേവനമനുഷ്ഠിച്ചു.
ഡെമോക്രാറ്റിക് അനുഭാവിയായിരുന്ന തുളസി 2013 മുതൽ 202 വരെ ഹവായിയിൽ പാർട്ടിയുടെ കോൺഗ്രസ് വുമണായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2019ലെ ഡെമോക്രാറ്റിക് പ്രസിഡൻഷ്യൽ പ്രൈമറിയിൽ കമലാ ഹാരിസിനെതിരെ തുളസി ഗബ്ബാർഡ് മത്സരിച്ചിട്ടുണ്ട്. 2022ൽ ഇവർ പാർട്ടിയിൽ നിന്ന് പുറത്ത് പോയി. പാർട്ടി നേതൃത്വം യുദ്ധം ചെയ്യുന്നവരുടെ സംഘമെന്ന് വിശേഷിപ്പിച്ചതിന്റെ പേരിലാണ് ഡെമോക്രാറ്റുകളുമായി അഭിപ്രായവ്യത്യാസമുണ്ടാകുന്നത്. യുദ്ധങ്ങൾ തടയുന്നതിൽ നേതൃത്വം പരാജയപ്പെട്ടുവെന്നും ഇവർ വിമർശനം ഉന്നയിച്ചിട്ടുണ്ട്.
പേരിലെ ആദ്യഭാഗം കാരണം പലപ്പോഴും ഇവർ ഇന്ത്യക്കാരിയാണെന്ന് തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ട്. തുളസി ഗബ്ബാർഡിന്റെ അമ്മ കരോൾ പോർട്ടൽ ഹൈന്ദവ സംസ്‌കാരത്തെ അങ്ങേയറ്റം ബഹുമാനിച്ച വ്യക്തിയാണ്. ഹിന്ദുമതം സ്വകരിച്ച അവർ മക്കൾ രണ്ട് പേർക്കും ഹിന്ദു പേരുകൾ നൽകുകയായിരുന്നു. ഹിന്ദുവായ ആദ്യത്തെ യുഎസ് കോൺഗ്രസുകാരിയെന്ന നേട്ടം സ്വന്തമാക്കിയതും തുളസിയാണ്. അമ്മയിൽ നിന്ന് പകർന്നു കിട്ടിയ പാഠങ്ങളിലൂടെ തുളസിയും ഹൈന്ദവവിശ്വാസങ്ങളിൽ അടിയുറച്ചാണ് ജീവിക്കുന്നത്.















