ധാക്ക: രാജ്യത്തെ ഭരണഘടനയിൽ കാര്യമായ പരിഷ്കരണങ്ങൾ വരുത്തണമെന്നാവശ്യപ്പെട്ട് ബംഗ്ലാദേശിലെ അറ്റോർണി ജനറൽ. രാജ്യത്തെ ജനസംഖ്യയുടെ 90% മുസ്ലീങ്ങളായതിനാൽ ഭരണഘടനയിൽ നിന്നും “സെക്കുലർ” എന്ന വാക്ക് നീക്കം ചെയ്യണമെന്നാണ് പ്രധാന ആവശ്യം.
ഷെയ്ഖ് മുജീബുർ റഹ്മാനെ രാഷ്‌ട്രപിതാവായി മുദ്രകുത്തുന്നതുൾപ്പെടെയുള്ള പല ഭേദഗതികളും രാജ്യത്തെ വിഭജിക്കുകയും അഭിപ്രായസ്വാതന്ത്ര്യത്തെ നിയന്ത്രിക്കുകയും ചെയ്യുന്നുവെന്നും അറ്റോർണി ജനറൽ എംഡി അസദുസ്സമാൻ ആരോപിച്ചു. എല്ലാ മതങ്ങളുടെയും ആചാരങ്ങളിൽ തുല്യാവകാശവും തുല്യതയും ഭരണകൂടം ഉറപ്പാക്കണമെന്ന് ആർട്ടിക്കിൾ 2 എയിൽ പറയുന്നുണ്ട്. ആർട്ടിക്കിൾ 9 ബംഗാളി ദേശീയതയെക്കുറിച്ച് സംസാരിക്കുന്നു. ഇതുരണ്ടും പരസ്പര വിരുദ്ധമാണെന്നും ഭൂരിപക്ഷത്തിന്റെ താല്പര്യങ്ങൾക്ക് പ്രാധാന്യം നൽകണമെന്നും അറ്റോർണി ജനറൽ ആവശ്യപ്പെട്ടു.
മതേതരത്വം പരാമർശിക്കുന്ന ഭരണഘടനയിലെ 15-ാം ഭേദഗതി പിൻവലിക്കണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു. കെയർടേക്കർ സർക്കാരിനെ നീക്കം ചെയ്യുന്നത് മൗലികാവകാശങ്ങളെ ഹനിക്കുമെന്നും അറ്റോർണി ജനറൽ പറഞ്ഞു. ബംഗ്ലാദേശിലെ ഹിന്ദുക്കൾ ഉൾപ്പെടെയുള്ള ന്യൂനപക്ഷങ്ങൾക്ക് എതിരായ അതിക്രമങ്ങൾക്കെതിരെ ലോകവ്യാപക വിമർശനങ്ങളും പ്രതിഷേധങ്ങളും ഉയരുന്നതിനിടെയാണ് നിയമനിർമ്മാതാക്കളുടെ പുതിയ നീക്കം.