മലപ്പുറം: പ്രസവ പരിചരണ കേന്ദ്രത്തിൽ കഴിഞ്ഞിരുന്ന യുവതിയുടെ നഗ്ന ദൃശ്യങ്ങൾ കാമുകന് കൈമാറിയ ജീവനക്കാരി അറസ്റ്റിൽ. മാറഞ്ചേരി പുറങ്ങ് സ്വദേശിനി ഉഷയെ (24) പൊന്നാനി പൊലീസ് അറസ്റ്റ് ചെയ്തു. വീഡിയോ കോൾ വഴിയാണ് ഇവർ കാമുകന് യുവതിയുടെ നഗ്ന ദൃശ്യങ്ങൾ നൽകിയത്.
വെളിയങ്കോടുള്ള പ്രസവ പരിചരണ കേന്ദ്രത്തിലാണ് സംഭവം. പരിചരണത്തിന്റെ ഭാഗമായി യുവതി കുഴമ്പ് തേച്ച് കിടക്കുന്നതിനിടെ ജീവനക്കാരി കാമുകന് വീഡിയോ കോൾ ചെയ്യുകയായിരുന്നു. ഇത് ശ്രദ്ധയിൽപെട്ട പരിചരണകേന്ദ്രത്തിലെ മറ്റൊരു സ്ത്രീയാണ് വിവരം ചികിത്സയിലുള്ള യുവതിയെ അറിയിച്ചത്
യുവതി ഉടൻ തന്നെ ബന്ധുക്കളെ വിവരമറിയിക്കുകയും ഇവർ ജീവനക്കാരിയുടെ ഫോൺ പരിശോധിക്കുകയുമായിരുന്നു. ഫോണിൽ വീഡിയോ കോൾ ചെയ്തതായി കണ്ടെത്തിയതോടെ ബന്ധുക്കൾ പൊന്നാനി പൊലീസിന് പരാതി നൽകുകയായിരുന്നു. തുടർന്ന് പരിചരണ കേന്ദ്രത്തിലെത്തിയ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. ഇവരുടെ ആൺ സുഹൃത്തിനെതിരെയും കേസെടുത്തിട്ടുണ്ട്.