തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ കനക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഞായറാഴ്ച വരെ മഴ തുടരുമെന്നാണ് മുന്നറിയിപ്പിൽ പറയുന്നത്. ഇതിന്റെ ഭാഗമായി തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
തീർത്ഥാടന കാലമായതിനാൽ ശബരിമല, നിലക്കൽ, പമ്പ തുടങ്ങിയ ഇടങ്ങളിലെ മഴ സാധ്യത അറിയിക്കുന്നതിനായി കാലാവസ്ഥാ നിരീക്ഷണ വകുപ്പ് പ്രത്യേക ബുള്ളറ്റിൻ ഒരുക്കിയിട്ടുണ്ട്. ഇതനുസരിച്ച് ശബരിമലയിൽ ഇന്ന് കനത്ത മഴയ്‌ക്ക് സാധ്യതയുണ്ട്. ഉച്ചയ്‌ക്ക് ശേഷം ശക്തമായ മഴയ്‌ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്. ഇടിമിന്നലോട് കൂടിയ മഴ പമ്പയിലും സന്നിധാനത്തും പെയ്യുമെന്നും മുന്നറിയിപ്പിൽ പറയുന്നു.
15-ാം തീയതി കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്‌ക്കും സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു.
ഇന്നലെ പെയ്ത കനത്ത മഴയിൽ തിരുവനന്തപുരം നഗരത്തിലെ വിവിധയിടങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു. വരും ദിവസങ്ങളിലും ഇടിമിന്നലോട് കൂടിയ വ്യാപക മഴയ്‌ക്ക് സാധ്യതയുള്ളതിനാൽ കടലാക്രമണവും, മണ്ണിടിച്ചിലും മുന്നിൽ കണ്ട് ജനങ്ങൾ അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി.















