തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിലേക്ക് പുതിയ അതിഥികൾ എത്തി. കർണാടകയിലെ ഷിമോഗയിൽ നിന്നാണ് കുറുക്കനും, കഴുതപ്പുലിയും, മുതലയും അടക്കമുള്ള മൃഗങ്ങളെ കൊണ്ടുവന്നത്. അനിമൽ എക്‌സ്‌ചേഞ്ച് പരിപാടിയുടെ ഭാഗമായി തിരുവനന്തപുരം മൃഗശാലയിൽ നിന്നും മുള്ളൻ പന്നി, ചീങ്കണ്ണി, സൺകോണിയൂർ തത്ത എന്നിവയെ ഷിമോഗയിലേക്കും നൽകി.
അടുത്തിടെ മൃഗങ്ങൾക്കായി നിർമിച്ച ക്വാറന്റെയ്ൻ കേന്ദ്രത്തിലേക്കാണ് ഇവയെ മാറ്റിയത്. മരുന്നും ഭക്ഷണവും നൽകി 21 ദിവസത്തിന് ശേഷം കാഴ്ചക്കാർക്ക് കാണാൻ അവസരം ഒരുക്കും. മൂന്ന് കഴുതപ്പുലി, രണ്ട് നാഗർ മുതല, രണ്ട് കുറുക്കൻ, രണ്ട് മരപ്പട്ടി തുടങ്ങിയ മൃഗങ്ങളെയാണ് ഷിമോഗയിൽ നിന്നുമെത്തിച്ചത്.
ഓഗസ്റ്റിലാണ് അനിമൽ എക്‌സ്‌ചേഞ്ച് എന്ന പരിപാടി ആരംഭിച്ചത്. ഷിമോഗ മൃഗശാലഅധികൃതർ കേരളത്തിലെത്തി മൃഗങ്ങളെ നിരീക്ഷിക്കുകയും ഇവിടുത്തെ ഒരു ടീം ഷിമോഗയിലെത്തുകയും ചെയ്തിരുന്നു. തുടർന്നാണ് ആവശ്യമായ മൃഗങ്ങളെ കൈമാറ്റം ചെയ്യാനുള്ള തീരുമാനത്തിലേക്കെത്തിയതെന്ന് മൃഗശാല ഡയറക്ടർ മഞ്ജുളദേവി പറഞ്ഞു. പരിപാടിയുടെ ഭാഗമായി കൂടുതൽ മൃഗങ്ങളെ തിരുവനന്തപുരത്തേക്ക് എത്തിക്കാനും ആലോചിക്കുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി.