വിവേകിനെ പുതുലോകത്തേക്ക് പിച്ചവെക്കുവാൻ കൈപിടിച്ച് സേവാഭാരതി മാവേലിക്കര. മാവേലിക്കര മുനിസിപ്പാലിറ്റി ഏഴാം വാർഡ് സ്വദേശിയായ വിവേകാണ് ആധുനിക രീതിയിലുള്ള കൃത്രിമ കാലിലൂടെ സധൈര്യം ഭാവിയിലേക്ക് നടന്നുകയറുന്നത്.
ജന്മനാ കാലുകളില്ലാത്ത വിവേകിന് ചെറു പ്രായത്തിൽ തന്നെ മാതാപിതാക്കളേയും നഷ്ടമായി. പിന്നീട് ചേട്ടൻ അനീഷിന്റെ തണലിയായിരുന്നു യുവാവിന്റെ ജീവിതം. 200 സ്ക്വയർ ഫീറ്റ് ഒറ്റമുറി വീട്ടിൽ ചേട്ടന് കാറ്ററിംഗിലൂടെ ലഭിക്കുന്ന വരുമാനത്തിലാണ് ഇരുവരും കഴിഞ്ഞത്.
നിരവധി പ്രതിസന്ധികൾക്കിടയിലും വിവേക് ബിഎ ഇംഗീഷ് പാസായി. തുടർന്നാണ് പിഎസ്എസി കോച്ചിംഗിന് വേണ്ട ഫീസ് അടക്കാൻ സഹായിക്കണമെന്ന അപേക്ഷയുമായി മാവേലിക്കര സേവാഭാരതിയെ യുവാവ് സമീപിക്കുന്നത്. ഇത് അന്വഷിക്കുവാൻ എത്തിയ സേവാഭാരതി പ്രവർത്തകർ കണ്ടത് കാലിന്റെ സ്ഥാനത്ത് രണ്ട് മാംസഭാഗങ്ങൾ മാത്രമുള്ള യുവത്വത്തിന്റെ പ്രസരിപ്പുള്ള ഇച്ചാശക്തിയുള്ള വിവേകിനെയാണ്. ഉടൻ തന്നെ കൃത്രിമ കാലുകൾ നൽകാൻ സേവാപ്രവർത്തകർ തീരുമാനിക്കുകയായിരുന്നു.
ചങ്ങനാശ്ശേരി ആസ്ഥാനമായ സ്ഥാപനമാണ് ആധുനിക രീതിയിലുള്ള കൃത്രിമ കാൽ നിർമ്മിച്ചത്. ഏകദേശം രണ്ടര ലക്ഷം രൂപയാണ് സേവാപ്രവർത്തകർ ഇതിനായി സ്വരൂക്കൂട്ടിയത്. കഴിഞ്ഞ ദിവസം വിവേകിന് കാൽ വെച്ചുപിടിപ്പിച്ചു. അടുത്ത രണ്ടാഴ്ച കാലുകൾ ഉപയോഗിച്ച് നടക്കാനുള്ള പരിശീലമാണ്. തുടർന്ന് സേവാഭാരതി തന്നെ വിവേകിന് മുചക്ര വാഹനവും നൽകും.