ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പരമോന്നത ദേശീയ അവാർഡ് നൽകി ആദരിക്കാൻ കരീബിയൻ ദ്വീപ് രാഷ്‌ട്രമായ ഡൊമനിക്ക. കോവിഡ് -19 മഹാമാരിയുടെ കാലത്ത് കരീബിയൻ രാജ്യങ്ങൾക്ക് നൽകിയ സഹായത്തിനും ഇരു രാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിൽ മോദിയുടെ ശ്രമങ്ങൾക്കുമുള്ള അംഗീകാരമായാണ് അവാർഡ് നൽകുന്നത്.
നവംബർ 19 മുതൽ 21 വരെ ഗയാനയിലെ ജോർജ്ടൗണിൽ നടക്കുന്ന ഇന്ത്യ-കരീബിയൻ കമ്മ്യൂണിറ്റി (CARICOM) ഉച്ചകോടിയിൽ പ്രധാനമന്ത്രി പങ്കെടുക്കും. ഈ അവസരത്തിൽ പ്രസിഡൻ്റ് സിൽവാനി ബർട്ടൺ മോദിക്ക് ഡൊമിനിക്ക അവാർഡ് ഓഫ് ഓണർ നൽകുമെന്ന് ഡൊമിനിക്ക പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
കൊവിഡ് 19 മഹാമാരി ലോകത്തെ പിടിമുറുക്കിയ കാലത്ത് ഡൊമിനിക്ക ഉൾപ്പെടെയുളള ആഫ്രിക്കൻ രാജ്യങ്ങളെ ചേർത്തുനിർത്തിയത് ഇന്ത്യയാണ്. ഇന്ത്യയിൽ ഉൽപാദിപ്പിച്ച കൊവിഡ് 19 പ്രതിരോധ വാക്‌സിൻ ഇവർക്ക് ഇന്ത്യ നൽകി. “2021 ഫെബ്രുവരിയിൽ, പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൊമിനിക്കയ്‌ക്ക് 70,000 ഡോസ് ആസ്ട്രസെനെക്ക COVID-19 വാക്‌സിൻ വിതരണം ചെയ്തു. മറ്റ് കരീബിയൻ അയൽരാജ്യങ്ങൾക്കും പിന്തുണ നൽകാൻ ഡൊമിനിക്കയെ പ്രാപ്തമാക്കിയ ഇന്ത്യയുടെ സമ്മാനമാണിത്,” പ്രസ്താവനയിൽ പറഞ്ഞു.
ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, വിവരസാങ്കേതികവിദ്യ എന്നീ മേഖലകളിൽ മോദിയുടെ നേതൃത്വത്തിൽ ഡൊമിനിക്കയ്‌ക്ക് നൽകിയ പിന്തുണയും ആഗോളതലത്തിൽ കാലാവസ്ഥാ, പ്രതിരോധ-നിർമ്മാണ സംരംഭങ്ങളും സുസ്ഥിര വികസനവും പ്രോത്സാഹിപ്പിക്കുന്നതിൽ അദ്ദേഹം വഹിച്ച പങ്കും കണക്കിലെടുത്താണ് അവാർഡ്. ഡൊമിനിക്കയോടും വിശാലമായ കരീബിയൻ ദ്വീപ് സമൂഹത്തോടും മോദിയുടെ ഐക്യദാർഢ്യത്തിനുള്ള തന്റെ രാജ്യത്തിന്റെ നന്ദിപ്രകടനമാണ് പുരസ്‌കാരമെന്ന് പ്രധാനമന്ത്രി റൂസ്‌വെൽറ്റ് സ്‌കെറിറ്റ് പറഞ്ഞു.















