പാലക്കാട്: ‘കട്ടൻചായയും പരിപ്പുവടയും’ പുസ്തകത്തിലെ പരാമർശം വിവാദമായതിനെ തുടർന്ന് ഡോ. പി സരിനെ വാനോളം പുകഴ്‌ത്തി ഇ.പി ജയരാജൻ. സരിൻ ഉത്തമനായ സ്ഥാനാർത്ഥിയാണെന്ന് മുൻ എൽഡിഎഫ് കൺവീനർ വ്യക്തമാക്കി. സിപിഎമ്മിലേക്ക് സരിൻ പെട്ടെന്ന് വന്നുപെട്ടതല്ല. കോൺഗ്രസിൽ ആയിരുന്നപ്പോഴും സരിന്റെ മനസ് ഇടതുപക്ഷത്തിനൊപ്പമായിരുന്നു. ഇപ്പോൾ അദ്ദേഹം സ്ഥാനം കണ്ടെത്തിയിരിക്കുന്നത് ഇടതുപക്ഷത്താണ്, സിപിഎമ്മിലാണ്.. ജോലി പോലും വിട്ടുവന്ന അദ്ദേഹത്തിന്റെ മാഹാത്മ്യം എല്ലാവരും കണക്കാക്കണമെന്നും ഇപി ജയരാജൻ പറഞ്ഞു.
ജനസേവനത്തിനായി ജോലി പോലും രാജിവെച്ച ചെറുപ്പക്കാരനായ സരിൻ പാലക്കാട് ഏറ്റവും ഉത്തമനായ സ്ഥാനാർത്ഥിയാണ്. വിദ്യാർത്ഥിയായിരിക്കെ എല്ലാവരുടെയും അംഗീകാരം നേടിയെടുത്തയാളാണ് സരിൻ. ഇടതുപക്ഷ മനസുമായി സർവീസിൽ പ്രവർത്തിച്ചു, പിന്നീട് അദ്ദേഹം വിശ്വസിച്ച രാഷ്‌ട്രീയത്തിൽ സത്യസന്ധതയും നീതിയുമില്ലെന്ന് തിരിച്ചറിഞ്ഞപ്പോൾ അവരോട് വിയോജിപ്പ് പ്രകടിപ്പിച്ചു. അങ്ങനെയാണ് ഇടതുപക്ഷ പ്രസ്ഥാനത്തിൽ എത്തുന്നത്.
പാലക്കാടിന്റെ മഹാഭാഗ്യമാണ് സരിൻ, ജയിക്കേണ്ടത് നാടിന്റെ ആവശ്യമാണ്. ഏറ്റവും യോഗ്യതയുള്ള നല്ല ചെറുപ്പക്കാരനാണ് സരിൻ. ഊതിക്കാച്ചിയ പൊന്ന്.. പാലക്കാടിനെ ഐശ്വര്യ സമ്പൂർണമാക്കാൻ സരിന് സാധിക്കും. പാലക്കാട് എല്ലാവരും ആഗ്രഹിക്കുന്നത് സരിൻ ജയിച്ചു വരണം എന്നുതന്നെയാണ്. സ്വതന്ത്രൻ ഒരിക്കലും വയ്യാവേലി അല്ല. ജനങ്ങളുടെ പ്രിയങ്കരനായ സ്ഥാനാർത്ഥിയാണ്. ഒരാൾക്ക് പകരം മറ്റൊരാൾ ആവുമെന്ന് കരുതുന്നില്ലെന്നും ഇപി ജയരാജൻ പറഞ്ഞു.
സരിൻ അവസരവാദിയാണ് എന്നടക്കമുള്ള മോശം പരാമർശങ്ങൾ ഇപി ജയരാജന്റേതെന്ന് പറയുന്ന ആത്മകഥയിലുണ്ടായിരുന്നു. ഇതിന്റെ ഭാഗമായാണ് ജയരാജൻ നിലപാട് വ്യക്തമാക്കിയത്. പാലക്കാട് സരിന് വേണ്ടി വോട്ടർഭ്യർത്ഥിക്കാൻ എത്തിയപ്പോഴായിരുന്നു ജയരാജന്റെ പ്രതികരണം.