സ്പെയിനിൽ വീണ്ടും ശക്തമായ മഴ എത്തുമെന്ന് മുന്നറിയിപ്പ് . അഞ്ച് മണിക്കൂറിൽ മേഖലയിൽ വെള്ളം നിറയുമെന്നാണ് പ്രവചനം. രണ്ട് ആഴ്ച മുൻപുണ്ടായ പേമാരി പോലെ തന്നെ ശക്തമായ മഴയാണ് പെയ്യുകയെന്നും മുന്നറിയിപ്പ് വിശദമാക്കുന്നു.
ദിവസങ്ങൾക്ക് മുൻപ് വലന്‍സിയയില്‍ പെയ്ത കനത്ത മഴ മിനിറ്റുകള്‍ക്കുള്ളിലാണ് സ്പെയ്നിനെ വെള്ളത്തിലാക്കിയത്. ഡാന പ്രതിഭാസമായിരുന്നു സ്പെയ്നിനെ പിടിച്ചുകുലുക്കിയ പ്രളയത്തിന് കാരണം. 217 പേര് പ്രളയത്തില്‍ മരിച്ചതായാണ് ഇതുവരെയുള്ള ഔദ്യോഗിക കണക്ക്. ഇതില്‍ 211 പേരും കിഴക്കന്‍ വലന്‍സിയയില്‍ ഉള്ളവരാണ്. 89 പേരെ കാണാനില്ല.
ബുധാനാഴ്ച രാവിലെയാണ് സ്പെയിനിലെ തെക്ക് കിഴക്കൻ മേഖലയിലേക്ക് പേമാരിയെത്തുന്നതായുള്ള മുന്നറിയിപ്പ് കാലാവസ്ഥാ കേന്ദ്രം നൽകിയത്. സുരക്ഷാ മുന്നറിയിപ്പിലെ ഏറ്റവും ഉയർന്ന ആംബർ അലർട്ടാണ് കാറ്റലോണിയയിലെ തറഗോണ പ്രവിശ്യയിലും ആൻഡലൂസിയയിലെ മലാഗയിലും നൽകിയിട്ടുള്ളത്.അഴുക്കുചാലുകളിലും മറ്റും വലിയ രീതിയിൽ ചെളിയും മറ്റും നിറഞ്ഞതിനാൽ നേരത്തെയുണ്ടായതിനേക്കാൾ ശക്തമായ പ്രളയമാണ് വരാൻ പോകുന്നതെന്നും മുന്നറിയിപ്പ് വ്യക്തമാക്കിയിട്ടുണ്ട്.
സർക്കാർ സ്കൂളുകൾക്ക് അവധി നൽകിയിരിക്കുകയാണ് . ഗ്വാഡൽഹോർസ് നദിയുടെ പരിസരത്ത് നിന്ന് മൂവായിരത്തിലേറെ ആളുകളെയാണ് പ്രാദേശിക ഭരണകൂടം ഒഴിപ്പിച്ചിട്ടുള്ളത്. ഹൈ സ്പീഡ് റെയിൽ സർവ്വീസുകളും , വിമാന സർവ്വീസുകളും, മെട്രോ സർവ്വീസുകളും നിർത്തി വച്ചിരിക്കുകയാണ്.
വലൻസിയയിലും പരിസരമേഖലയിലും 20000ലേറെ സൈനികരും പൊലീസുകാരുമാണ് ശുചീകരണ പ്രവർത്തനങ്ങളിൽ സജീവമായിട്ടുള്ളത്.