രാജ്യത്തിന്റെ അതിവിശാലമായ റെയിൽ ശൃംഖല എക്കാലവും പ്രശസ്തമാണ്. നിരവധി പേരാണ് കുറഞ്ഞ ചെലിവൽ കൂടുതൽ യാത്രയ്‌ക്കായി ട്രെയിനുകളെ ആശ്രയിക്കുന്നത്. ആവിയിലാണ് ഇന്ത്യൻ റെയിൽവേയുടെ നൂറ്റാണ്ടുകളായിട്ടുള്ള യാത്ര ആരംഭിക്കുന്നത്. പിന്നീട് കൽക്കരിയിലേക്കും ഡീസലിലേക്കും വൈദ്യുതിയിലേക്കും വരെ നീണ്ടു. ഏറ്റവുമൊടുവിലായി ഹൈഡ്രജനിൽ പ്രവർത്തിപ്പിക്കുന്ന ട്രെയിൻ പുറത്തിറക്കാനൊരുങ്ങുകയാണ് ഇന്ത്യൻ റെയിൽവേ.
ജലം ഇന്ധനമാക്കിയാകും ഇവയുടെ പ്രവർത്തനമെന്നതാണ് മറ്റ് ട്രെയിനുകളിൽ നിന്ന് ഹൈഡ്രജൻ ട്രെയിനെ വ്യത്യസ്തമാക്കുന്നത്. ഹൈഡ്രജനും ഓക്സിജനും സംയോജിപ്പിച്ച് വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നതോടെ നീരാവിയും വെള്ളവും മാത്രമകും പുറത്തുവിടുക. പ്രകൃതി സൗഹൃദമായ രീതിയിലാകും ഹൈജ്രഡൻ ട്രെയിൻ പ്രവർത്തിക്കുന്നതെന്ന ചുരുക്കം. മറ്റ് ട്രെയിനുകളെ അപേക്ഷിച്ച് 60 ശതമാനം കുറവ് ശബ്ദം മാത്രമേ ഇത് പുറത്തുവിടൂ.
അടുത്ത മാസം മുതൽ ഹൈഡ്രജൻ ട്രെയിൻ ട്രാക്കിലിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ ഹൈഡ്രജൻ ട്രെയിനിന്റെ പൈലറ്റ് പ്രോജക്റ്റ് 2024 ഡിസംബറിൽ ആരംഭിക്കുമെന്നാണ് റെയിൽവേ അറിയിച്ചത്. മണിക്കൂറിൽ 140 കിലോമീറ്റർ വേഗതയിൽ വരെ സഞ്ചരിക്കാൻ ഇതിന് സാധിക്കും. രാജ്യത്താകെ 35 ഹൈഡ്രജൻ ട്രെയിനുകൾ അവതരിപ്പിക്കാനാണ് റെയിൽവേ പദ്ധതിയിടുന്നത്.
ഓരോ മണിക്കൂറിലും ഇന്ധനം ഉത്പാദിപ്പിക്കാൻ ഏകദേശം 40,000 ലിറ്റർ വെള്ളം വേണ്ടിവരും. പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിനായി ജലസംഭരണ സൗകര്യങ്ങൾ സജ്ജമാക്കുമെന്ന് റെയിൽവേ അറിയിച്ചു. ഒറ്റ ചാർജിൽ 1,000 കിലോമീറ്റർ വരെ സഞ്ചരിക്കാൻ ഇതിന് കഴിയും. ഓരോ ഹൈഡ്രജൻ ട്രെയിനും ഏകദേശം 80 കോടി രൂപ ചെലവ് വരും. ആദ്യഘട്ടത്തിൽ ഹരിയാനയിലെ 90 കിലോമീറ്റർ ജിന്ദ്-സോനിപത് റൂട്ടിൽ സർവീസ് നടത്തുമെന്നാണ് വിവരം. ഫ്രാൻസ്, യുകെ, ജർമനി, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിലും ഹൈഡ്രജൻ ട്രെയിനുകൾ സർവീസ് നടത്തുന്നുണ്ട്.















