ടെലികോം രംഗത്ത് വിപ്ലവം സൃഷ്ടിക്കുകയാണ് ബിഎസ്എൻഎൽ. പ്രതാപം വീണ്ടെടുത്ത് പുനർജനിച്ചതോടെ മറ്റ് ടെലികോം കമ്പനികൾക്ക് വൻ വെല്ലുവിളിയാണ് ബിഎസ്എൻഎൽ നൽകുന്നത്. ജനസൗഹൃദ റീചാർജ് പ്ലാനുകളും ആനുകൂല്യങ്ങളും നൽകുന്നതിന് പുറമേ പുതിയൊരു സംവിധാനം സജ്ജമാക്കിയിരിക്കുകയാണ് കമ്പനി. ഡയറക്ട്-ടു-ഡിവൈസ് സാറ്റ്ലൈറ്റ് (D2D service) സർവീസാണ് ആരംഭിച്ചിരിക്കുന്നത്.
യുഎസ് ആസ്ഥാനമായുള്ള കമ്മ്യൂണിക്കേഷൻസ് ടെക്‌നോളജി കമ്പനിയായ വിയാസറ്റിന്റെ (Viasat) പങ്കാളിത്തത്തോടെ വികസിപ്പിച്ചെടുത്ത ഇന്ത്യയുടെ ആദ്യത്തെ ഉപഗ്രഹ-ഉപകരണ ആശയവിനിമയ സേവനമാണിത്. സെല്ലുലാർ, വൈഫൈ നെറ്റ്‌വർക്ക് ഇല്ലാത്ത പ്രദേശങ്ങളിൽ കോളുകൾ വിളിക്കാൻ സഹായിക്കുന്നതാണ് പുതിയ D2D സാങ്കേതികവിദ്യ.
36,000 കിലോമീറ്ററിലധികം ഉയരെ ഭൂമിയെ വലംവയ്‌ക്കുന്ന വിയാസെറ്റിന്റെ ജിയോസ്റ്റേഷണറി എൽ-ബാൻഡ് ഉപഗ്രഹങ്ങളുമായി ചേർന്നാണ് ഡി2ഡി സംവിധാനം പ്രവർത്തനക്ഷമമാകുന്നത്. കണക്ടിവിറ്റി കുറവുള്ള വിദൂര പ്രദേശങ്ങളിലുള്ളവരെ പിന്തുണയ്‌ക്കുക എന്ന ലക്ഷ്യത്തോടെയാണ് ബിഎസ്എൻഎൽ ഈ സംവിധാനം യാഥാർത്ഥ്യമാക്കിയിട്ടുള്ളത്. മറ്റ് നെറ്റ്‌വർക്കുകൾ ലഭ്യമല്ലാത്തപ്പോൾ എമർജൻസി കോളിംഗ്, SoS സന്ദേശമയയ്‌ക്കൽ, യുപിഐ പേയ്‌മെൻ്റുകൾ എന്നിവ വരെ ഇതിലൂടെ നടത്താം.















