കൊൽക്കത്ത: ഫുഡ് പ്ലേറ്റ് നിർമാണ യൂണിറ്റിന്റെ മറവിൽ തോക്കുകൾ നിർമിച്ച് വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ. പശ്ചിമ ബംഗാളിലെ മുൻഗർ സ്വദേശിയായ മുഹമ്മദ് മൊനാസിർ ഹുസൈനാണ് പിടിയിലായത്. കൊൽക്കത്ത പൊലീസിന്റെ പ്രത്യേക ടാസ്ക് ഫോഴ്സും ബിഹാർ പൊലീസും സംയുക്തമായാണ് ഓപ്പറേഷൻ നടത്തിയത്.
മൊനാസിർ ഹുസൈന്റെ വീടിന്റെ ബേസ്‌മെൻ്റിലാണ് ഫാക്ടറി പ്രവർത്തിച്ചിരുന്നത്. ഇയാളുടെ ഭാര്യാസഹോദരൻ മുഹമ്മദ് നാസിമും അറസ്റ്റിലായിട്ടുണ്ട്. വിലകൂടിയ തോക്കുകളുടെ നിർമാണത്തിനായി രഹസ്യ ഭൂഗർഭ അറയും ഇവിടെ പ്രവർത്തിച്ചിരുന്നു. ആറ് 7 എംഎം പിസ്റ്റൾ ബോഡികൾ ഉൾപ്പെടെ തോക്കിന്റെ വിവിധ ഭാഗങ്ങൾ അധികൃതർ കണ്ടുകെട്ടി. ലേത്ത് മെഷീൻ, മില്ലിംഗ് മെഷീൻ, ഡ്രില്ലിംഗ് മെഷീൻ, ഗ്രൈൻഡിംഗ്, പോളിഷിംഗ് ഉപകരണങ്ങൾയും പിടിച്ചെടുത്തു.
കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ബീഹാറിലും ജാർഖണ്ഡിലുമായി 14 ഇത്തരത്തിലുള്ള സ്ഥാപനങ്ങളാണ് അടച്ചു പൂട്ടിയത്. കഴിഞ്ഞ വർഷം ബീഹാറിൽ ഫർണിച്ചർ കടയുടെ മറവിൽ പ്രവർത്തിക്കുന്ന തോക്ക് നിർമാണ യൂണിറ്റ് പൊലീസ് റെയ്ഡ് ചെയ്തിരുന്നു. ഗയയിലെ ‘ബാബ ഫർണിച്ചർ’ എന്ന സ്ഥാപനത്തിനുള്ളിലാണ് ആയുധങ്ങൾ നിർമിച്ചിരുന്നത്.















