പാലക്കാട്: ആത്മകഥ ഉടൻ പുറത്തിറക്കുമെന്നും പ്രസിദ്ധീകരിക്കാനുള്ള ചുമതല ഇതുവരെ ആർക്കും നൽകിയിട്ടില്ലെന്നും ഇ.പി ജയരാജൻ. പി. സരിന് വേണ്ടി വോട്ടഭ്യർത്ഥിക്കാൻ പാലക്കാട് എത്തിയപ്പോഴായിരുന്നു ജയരാജന്റെ പ്രതികരണം.
ആത്മകഥ ഞാൻ എഴുതിക്കൊണ്ടിരിക്കുകയാണ്. അത് പ്രസിദ്ധീകരിക്കേണ്ടത് ഞാനാണ്. എഴുതിക്കൊണ്ടിരിക്കുന്ന പുസ്തകം എങ്ങനെ പ്രസിദ്ധീകരിക്കും. എന്റെ ആത്മകഥയുടെ പ്രസാധന ചുമതല ഇതുവരെ ഒരാൾക്കും കൊടുത്തിട്ടില്ല. ഡിസി ബുക്സുമായി യാതൊരു കരാറും ഉണ്ടാക്കിയിട്ടില്ല. നിലവിൽ നടന്ന സംഭവങ്ങളെല്ലാം ഗൂഢാലോചനയുടെ ഭാഗമാണ്. പ്രസിദ്ധീകരിക്കാത്ത ആത്മകഥയെക്കുറിച്ച് വിവാദമുണ്ടാക്കുന്നത് എന്ത് അടിസ്ഥാനത്തിലാണെന്നും ജയരാജൻ ചോദിച്ചു.
ആത്മകഥ എഴുതിക്കഴിഞ്ഞാൽ അതിന്റെ കോപ്പി പാർട്ടിയെ കാണിച്ച് അനുവാദം വാങ്ങിയ ശേഷമേ പ്രസിദ്ധീകരിക്കൂ. മാദ്ധ്യമങ്ങളിൽ വന്ന ഭാഗങ്ങളൊന്നും താൻ എഴുതിയതല്ല. നിസാരമായതല്ല, അതിശക്തമായ ഗൂഢാലോചനയാണ് വിഷയത്തിൽ നടന്നിട്ടുള്ളത്. പോളിംഗ് ദിനത്തിൽ വിവാദം സൃഷ്ടിക്കാൻ വേണ്ടി മനഃപൂർവം കെട്ടിച്ചമച്ചതാണിതെന്നും ജയരാജൻ പറഞ്ഞു.
‘കട്ടൻചായയും പരിപ്പുവടയും – ഒരു കമ്യൂണിസ്റ്റ് ജീവിതം’ എന്ന പേരിൽ സിപിഎം നേതാവ് ഇപി ജയരാജന്റെ ആത്മകഥ പുറത്തിറക്കാൻ ഡിസി ബുക്സ് ഒരുങ്ങുന്നുവെന്ന വാർത്ത വിവാദമായ പശ്ചാത്തലത്തിലാണ് വിശദീകരണം നൽകി ഇപി എത്തിയത്. ആത്മകഥയിലെ ഭാഗങ്ങളെന്ന രീതിയിൽ നിരവധി പരാമർശങ്ങൾ പുറത്തുവന്നിരുന്നു. രണ്ടാം പിണറായി സർക്കാർ, പി. സരിൻ എന്നിവരെ വിമർശിച്ചും കുറ്റപ്പെടുത്തിയും പലവിധ പരാമർശങ്ങൾ ഇതിലുണ്ടായി. പോളിംഗ് ദിനത്തിൽ വിവാദം പൊട്ടിപ്പുറപ്പെട്ടതോടെയാണ് ഡിസിയുടെ പുസ്തകത്തെ നിഷേധിച്ച് എൽഡിഎഫ് മുൻ കൺവീനർ രംഗത്തെത്തിയത്.















