സിരുത്തൈ ശിവ സംവിധാനം ചെയ്ത സൂര്യ ചിത്രം കങ്കുവയെ സോഷ്യൽ മീഡിയയിൽ ദയാവധത്തിന് വിധേയമാക്കി ആരാധകർ. നായകനും നിർമാതാവും സംവിധായകനുമടക്കം നാലുപാട് നിന്നും തള്ളി മറിച്ച ചിത്രം ബോക്സോഫീസ് ദുരന്തമെന്നാണ് സോഷ്യൽ മീഡിയ ഒരേ സ്വരത്തിൽ പറയുന്നത്. സിരുത്തൈ ശിവ, മദൻ കര്‍ക്കി, ആദി നാരായണൻ എന്നിവർ ചേർന്നെഴുതിയ തിരക്കഥ അട്ടർ ഫ്ലോപ്പെന്നാണ് ട്രോളന്മാരുടെ പക്ഷം.
അന്തവും കുന്തവുമില്ലാതെ പോകുന്ന തിരക്കഥയിൽ സൂര്യയും മറ്റ് താരങ്ങളും തരംപോലെ വെറുപ്പിക്കുന്നുണ്ടെന്നും സോഷ്യൽ മീഡിയയിലെ കമന്റുകൾ വ്യക്തമാക്കുന്നു. കോമഡിയെന്നു പറഞ്ഞ് കാട്ടുന്ന കോപ്രായങ്ങൾ കണ്ടിരിക്കാൻ സാധിക്കില്ലെന്നാണ് തിയേറ്റർ റെസ്പോൺസ്. അതേസമയം ആകെയുള്ള പോസിറ്റീവ് വെട്രി പളനിസ്വാമിയുടെ ഛായാഗ്രാഹണമാണ്.
ദേവി ശ്രീ പ്രസാദിന്റെ സംഗീതവും അരോചകമെന്നാണ് പ്രേക്ഷകാഭിപ്രായം. ചിത്രം ലോകമെമ്പാടും 2000 കോടി നേടുമെന്ന് നിർമാതാവ് ജ്ഞാനവേൽ അവകാശപ്പെട്ടിരുന്നു. എന്നാൽ പടത്തിന് ചെലവായ പണം തിരികെ കിട്ടുമോ എന്ന കാര്യം സംശയമെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. രാജമൗലിയുടെ മഗധീരയിൽ നിന്നുവരെ ചിത്രം കോപ്പിയടി നടത്തിയിട്ടുണ്ടെന്നും ആരോപണവുമുണ്ട്.
നടരാജൻ സുബ്രഹ്‍മണ്യൻ, ആനന്ദരാജ്, ദിഷാ പഠാണി, റെഡിൻ കിംഗ്‍സ്ലി, ടി.എം കാര്‍ത്തിക്, ജി.മാരിമുത്ത്, ദീപാ വെങ്കട്, ബാല ശരവണൻ, രവി രാഘവേന്ദ്ര, കെ.എസ് രവികുമാര്‍, ഷാജി ചെൻ, ബി.എസ് അവിനാശ്, അഴകം പെരുമാള്‍, പ്രേം കുമാര്‍, കരുണാസ്, രാജ് അയ്യപ്പ, ബോസ് വെങ്കട് എന്നിവരാണ് ബ്രഹ്മണ്ഡാ സിനിമയിൽ മറ്റു താരങ്ങൾ.
















