കുടുംബ ജീവിതത്തിൽ തുല്യത വേണ്ടെന്നും ഭർത്താവിന് കീഴിൽ ജീവിക്കണമെന്നും നിലപാട് വ്യക്തമാക്കിയ നടി സ്വാസികയെ വിമർശിച്ച് എഴുത്തുകാരി ശാരദകുട്ടി. സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിലായിരുന്നു സർക്കാസം കലർന്ന വിമർശനം. എല്ലാം കയ്യിലുള്ളവർ എനിക്കൊന്നും വേണ്ടായേ, എന്നു പറയുന്നതു പോലെ മാത്രം കണ്ടാൽ മതി ഇവരുടെ വാക്കുകളെയെന്നാണ് ശാരദകുട്ടി പറയുന്നത്.
പങ്കാളിയെയോ വിശ്വസ്നേഹത്തെയോ ആശ്രയിച്ചല്ല ഇവരുടെ ഒന്നും നിലിനിൽപ്. ഈ വിധേയത്വ വിനയക്കുപ്പായത്തിന് നല്ല മാർക്കറ്റുണ്ട് എന്നതിനാലാണവർ ഇങ്ങനെ പറയുന്നത്. നൂറിലധികം ബ്രാൻഡഡ് ഉടുപ്പുകൾ അലമാരയിൽ സൂക്ഷിച്ച് ആർഭാട ജീവിതം നയിച്ച് ഗാന്ധിയുടെ ലാളിത്യത്തെ കുറിച്ച് വാചാലമാകാം. ഗാന്ധിമാർഗ്ഗമാണ് തന്റെ മാർഗ്ഗമെന്നു പറയാം. കമ്യൂണിസ്റ്റാശയമാണ് പിന്തുടരുന്നതെന്നു പറഞ്ഞ് വീട്ടിലുള്ളവരുടെ ഈശ്വരവിശ്വാസത്തിന്റെ ബലത്തിൽ താൻ വിശ്വാസിയല്ലെന്നും പറയാം. ഒക്കെ ബുദ്ധിജീവികളുടെയും, രാഷ്‌ട്രീയോപജീവികളുടെയും അതിജീവനതന്ത്രമാണ്. അതുകൊണ്ട് പാവം സ്വാസികയോട് നമുക്ക് ക്ഷമിക്കാവുന്നതേയുള്ളുവെയുന്നും ശാരദകുട്ടി പറയുന്നു.
“ഭർത്താവിന്റെ താഴെ ജീവിക്കാനാണ് എനിക്കിഷ്ടം. എന്റെ അഭിപ്രായമാണ് പറഞ്ഞത്. എന്റെ ജീവിതം ഇങ്ങനെ ജീവിക്കാനാണ് എനിക്ക് ഇഷ്ടം. എന്തുകൊണ്ടെന്ന് ചോദിച്ചാൽ അറിയില്ല. ഭർത്താവ് കഴിച്ച പാത്രം കഴുകുന്നതും കാലു പിടിക്കുന്നതും നിങ്ങൾക്ക് തെറ്റായിരിക്കും. ഇതാണ് ഉത്തമ സ്ത്രീയെന്ന ഞാൻ പറയില്ല. അങ്ങനെ ജീവിക്കണമെന്ന് ആരോടും പറയില്ല. സ്ത്രീകൾ സ്വതന്ത്രരാകണം. തുല്യതയിൽ വിശ്വസിക്കുന്നവരാകണം. പക്ഷേ എനിക്ക് ഈ പറഞ്ഞ തുല്യത വേണ്ട. ഞാൻ ഇങ്ങനെയാണ് ഇഷ്‌ടപ്പെടുന്നത്”.—എന്നായിരുന്നു സ്വാസികയുടെ വാക്കുകൾ.
കുറിപ്പിന്റെ പൂർണ രൂപം
എല്ലാം കയ്യിലുള്ളവർ എനിക്കൊന്നും വേണ്ടായേ, എന്നു പറയുന്നതു പോലെ മാത്രം കണ്ടാൽ മതി ഇവരുടെ വാക്കുകളെ.വളരെ bold ആയ കഥാപാത്രങ്ങളെ യാതൊരു inhibition ഉം കൂടാതെ അഭിനയിക്കുന്ന നടിയാണിവർ. ചതുരം, വിവേകാനന്ദൻ വൈറലാണ് , ഒക്കെ ഉദാഹരണം. പുതുനിര നടിമാരിൽ ഏറ്റവും ശക്തമായ ശരീരഭാഷ ഉള്ള നടി. വിവാദരംഗങ്ങളിൽ cool cool ആയി അഭിനയിക്കുന്നവർ. തൊഴിലിൽ വിട്ടുവീഴ്ചയില്ലാത്ത പെൺകുട്ടി. അതിനോടൊക്കെ ബഹുമാനമുണ്ട്.
പിന്നെ ഇന്നലെ കണ്ട പോസ്റ്റർ. ആനിയും വിധുബാലയുമൊക്കെ പറയുന്ന കുലീനത്വത്തിന്റെ, യേശുദാസ് പറയുന്ന സർവ്വം ബ്രഹ്മ മയത്തിന്റെ തുടർച്ചയാണിതും. പങ്കാളിയെയോ വിശ്വസ്നേഹത്തെയോ ആശ്രയിച്ചല്ല ഇവരുടെ ഒന്നും നിലിനിൽപ്. ഈ വിധേയത്വ വിനയക്കുപ്പായത്തിന് നല്ല മാർക്കറ്റുണ്ട് എന്നതിനാലാണവർ ഇങ്ങനെ പറയുന്നത്.
നൂറിലധികം ബ്രാൻഡഡ് ഉടുപ്പുകൾ അലമാരയിൽ സൂക്ഷിച്ച് ആർഭാട ജീവിതം നയിച്ച് ഗാന്ധിയുടെ ലാളിത്യത്തെ കുറിച്ച് വാചാലമാകാം. ഗാന്ധിമാർഗ്ഗമാണ് തന്റെ മാർഗ്ഗമെന്നു പറയാം. കമ്യൂണിസ്റ്റാശയമാണ് പിന്തുടരുന്നതെന്നു പറഞ്ഞ് വീട്ടിലുള്ളവരുടെ ഈശ്വരവിശ്വാസത്തിന്റെ ബലത്തിൽ താൻ വിശ്വാസിയല്ലെന്നും പറയാം.
ഒക്കെ ബുദ്ധിജീവികളുടെയും, രാഷ്‌ട്രീയോപജീവികളുടെയും അതിജീവനതന്ത്രമാണ്. അതുകൊണ്ട് പാവം സ്വാസികയോട് നമുക്ക് ക്ഷമിക്കാവുന്നതേയുള്ളു. അവർക്കും ബുദ്ധിയുണ്ടെന്നതിൽ നമുക്ക് അഭിമാനിക്കാം.
വെട്ടി വിളിച്ച് സത്യങ്ങൾ മുഴുവൻ പറഞ്ഞു നടന്ന് ലോകരുടെ മുഴുവൻ വെറുപ്പു വാങ്ങിക്കൂട്ടുന്ന വിഡ്ഢികൾക്ക് ഇതൊക്കെ കേട്ടാൽ കലിയിളകും.
ഐഹികമായ സുഖത്തിലൊന്നും കൃഷ്ണാ അയ്യോ എനിക്കൊരു മോഹമില്ലേ’ എന്നു പ്രാർഥിച്ച ധനികസ്ത്രീയോട് എന്നാലിതെല്ലാം ഞാൻ തിരിച്ചെടുത്തേക്കാമെന്ന് ദൈവം പ്രത്യക്ഷപ്പെട്ടു പറഞ്ഞതും അവർ ബോധശൂന്യയായി നിലം പതിച്ചതും ആയ കഥ കേട്ടിട്ടുണ്ട്.
എസ്. ശാരദക്കുട്ടി