ഇസ്ലാമാബാദ്: വിഷപ്പുകയിൽ ശ്വാസം മുട്ടി ലാഹോർ. ഒറ്റദിവസം 15,000 പേർക്കാണ് നഗരത്തിൽ ശ്വാസകോശ സംബന്ധമായ രോഗങ്ങൾ റിപ്പോർട്ട് ചെയ്തത്. വരണ്ട ചുമ, ശ്വാസംമുട്ടൽ, ന്യൂമോണിയ, അണുബാധ എന്നിവയാണ് അധികം പേരിലും റിപ്പോർട്ട് ചെയ്യുന്നത്. ലാഹോറിലെ ആശുപത്രികളിൽ രോഗികളുടെ എണ്ണം വർദ്ധിക്കുകയാണ്.
വർദ്ധിച്ചുവരുന്ന അന്തരീക്ഷ മലീകരണമാണ് ഇത്തരം ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണം. 14 ദശലക്ഷം പേർ താമസിക്കുന്ന ലാഹോറിൽ വായു ഗുണനിലവാര സൂചിക (എക്യുഐ) ആയിരവും കടന്ന് എക്കാലത്തെയും റെക്കോർഡായ 1165-ലെത്തി. വായുനിലവാരം വളരെ മോശമായി തുടരുന്നത് കുട്ടികളിലും പ്രായമായവരിലും കൂടുതൽ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ആസ്ത്മ, ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ നേരിടുന്നവരൊക്കെ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്നും നിർദ്ദേശമുണ്ട്.
വായു മലിനീകരണം പക്ഷാഘാതം, ഹൃദ്രോഗം, ശ്വാസകോശ അർബുദം, ശ്വാസകോശവുമായി ബന്ധപ്പെട്ട മറ്റ് അസുഖങ്ങൾ എന്നിവയ്‌ക്ക് കാരണമാകുന്നുവെന്ന് ലോകാരോഗ്യസംഘടനയും മുന്നറിയിപ്പ് നൽകുന്നു. കുട്ടികളെയും പ്രായമായവരെയും ഗർഭിണികളെയുമാണ് ഇത് സാരമായി ബാധിക്കുക.
ഡൽഹിയിലും സമാന സാഹചര്യമാണുള്ളത്. രാവിലെ ആറിന് വായു ഗുണനിലവാര സൂചിക (എക്യുഐ) 432 ആയിരുന്നു. ഗുരുതമെന്ന വിഭാഗത്തിലാണിത്. കനത്ത മൂടൽ മഞ്ഞാണ് ഇവിടെ അനുഭവപ്പെടുന്നത്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലുടനീളം മൂടൽമഞ്ഞും വായുമലീകരണവും രൂക്ഷമാണ്. അന്തരീക്ഷത്തെ മൂടം വിധത്തിലുള്ള വിഷപ്പുകയുടെ ആവരണം അന്തരീക്ഷത്തെ മറയ്‌ക്കുന്നതിന്റെ ഉപഗ്രഹ ദൃശ്യങ്ങൾ നാസ പങ്കുവച്ചിട്ടുണ്ട്. പാകിസ്താനിലെ പഞ്ചാബ്, ലാഹോർ ഡൽഹി എന്നിവിടങ്ങളുടെ ചിത്രമാണ് നാസ പങ്കുവച്ചിട്ടുള്ളത്. പുകമഞ്ഞിന്റെ കീഴിലാണ് പ്രദേശമെന്ന് വ്യക്തമാണ്.















