തഗ്ഗ് രാജാവ്, തഗ്ഗിന്റെ ഉസതാദ് എന്നീ പേരുകളിലാണ് ധ്യാൻ ശ്രീനിവാസനെ പ്രേക്ഷകർ വിശേഷിപ്പിക്കുന്നത്. തഗ്ഗ് നിറഞ്ഞ ധാന്യന്റെ അഭിമുഖങ്ങളും ഉരുളയ്‌ക്ക് ഉപ്പേരി പോലുള്ള താരത്തിന്റെ മറുപടിയും സമൂഹമാദ്ധ്യമങ്ങളിൽ എപ്പോഴും വൈറലാകാറുണ്ട്. ട്രോളന്മാരെ തിരിച്ച് ട്രോളുന്നതാണ് ധ്യാനിന്റെ ശൈലി. ഇപ്പോഴിതാ പുതിയ സിനിമയുടെ പ്രമോഷന്റെ ഭാഗമായി നടന്ന പ്രസ് മീറ്റിലെ ധാന്യന്റെ പ്രതികരണങ്ങളാണ് ശ്രദ്ധേയമാകുന്നത്.
‘എന്റെ സിനിമകൾ പൊട്ടിയൽ പിന്നെ എല്ലാവരും എന്നെ പടക്കം സ്റ്റാർ, ബോംബ് സ്റ്റാർ എന്നൊക്കെയാണ് വിളിക്കുന്നത്. സിനിമ പൊട്ടിയതിന്റെ പേരിൽ എന്നെ ആരും വ്യക്തിഹത്യയൊന്നും ചെയ്തിട്ടില്ല. സിനിമ ഓടിയാലും ഈ പറയുന്നവർ തന്നെ നമ്മളെ നല്ലത് പറയും. എല്ലാ വെള്ളിയാഴ്ചയും എന്റെ സിനിമകൾ ഇറങ്ങാറുണ്ട്. സിനിമ കൊള്ളില്ലാത്തതിന് പ്രേക്ഷകരെ പറഞ്ഞിട്ട് ഒരു കാര്യവുമില്ല. എന്റെ സിനിമ ഞാൻ തന്നെ സംവിധാനം ചെയ്യേണ്ട അവസ്ഥയാണ് ഇന്നുള്ളത്’.
സിനിമ വിജയിക്കുക എന്ന് പറയുന്നത് വലിയ ഭാഗ്യമാണ്. ഞാൻ സിനിമകൾ ചെയ്യുന്നത് പെട്ടന്നൊന്നും തീരില്ല. ഒരുപാട് സിനിമകളിൽ ഞാൻ ഡേറ്റ് കൊടുത്തിട്ടുണ്ട്. തിരയുടെയും അടി കപ്യാരെ കൂട്ടമണിയുടെയും രണ്ടാം ഭാഗം എത്തും. സിനിമകൾ വിജയിക്കണമെന്ന് ആഗ്രഹിക്കാറുണ്ടെന്നും എന്നാൽ അതൊന്നും നടക്കാറില്ലെന്നും ധ്യാൻ ശ്രീനിവാസൻ പറഞ്ഞു.
നിവിൻ പോളിയ്‌ക്ക് നേരെയുണ്ടായ വ്യാജ ലൈംഗികാരോപണത്തെ കുറിച്ച് ചോദിച്ചപ്പോൾ നിവിനുമായി ഈ വിഷയത്തെ കുറിച്ച് സംസാരിച്ചിട്ടില്ലെന്നും നിങ്ങൾ മാദ്ധ്യമങ്ങൾ തന്നെ ഈ വിഷയത്തിൽ ചർച്ച നടത്തണം എന്നുമായിരുന്നു ധ്യാനിന്റെ മറുപടി.















