ഷിലോങ്: മേഘാലയയിലെ കണക്റ്റിവിറ്റിക്ക് കുതിപ്പേകാൻ സീപ്ലെയിൻ. റിഭേയ് ജില്ലയിലെ ഉമിയം തടാകത്തിൽ നടന്ന സീപ്ലെയിൻ ഡെമോ ലോഞ്ചിൽ കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രി കിഞ്ജരാപ്പു രാംമോഹൻ നായിഡു പങ്കെടുത്തു. മേഘങ്ങളുടെ വാസസ്ഥമെന്നറിയപ്പെടുന്ന മോഘാലയയുടെ ടൂറിസം വികസനത്തിലും സാങ്കേതിക മികവിലും ഇത് നാഴികക്കല്ലായിരിക്കുമെന്ന് മന്ത്രി പറഞ്ഞു.
സ്റ്റാചു ഓഫ് യൂണിറ്റി മുതൽ അഹമ്മദാബാദ് വരെ 2020-ൽ പ്രധാനമന്ത്രി നടത്തിയ സീപ്ലെയിൻ യാത്രയെ കേന്ദ്രമന്ത്രി ചടങ്ങിൽ അനുസ്മരിച്ചു. ഐക്യത്തെയും പ്രവർത്തനക്ഷമതയെയും കുറിച്ചുള്ള സന്ദേശം നൽകാൻ ഇതിന് സാധിക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. വിനോദസഞ്ചരത്തെ പ്രോത്സാഹിപ്പിക്കുന്നതിന് ജലവിമാനങ്ങളുടെ സാധ്യതകളും മന്ത്രി ചൂണ്ടിക്കാട്ടി. സീപ്ലെയിൻ ടൂറിസം അഭിവൃദ്ധിപ്പെടുമെന്നും കേന്ദ്രമന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു.
അടുത്തിടെ കേരളത്തിലും ജലവിമാനം പറന്നുയർന്നിരുന്നു. കൊച്ചിയിലെ ബോൾഗാട്ടിയിൽ നിന്ന് പറന്നുയർന്ന സീപ്ലെയിൻ മാട്ടുപ്പെട്ടി ഡാമിലായിരുന്നു ലാൻഡിംഗ് നടത്തിയത്. ജലവിമാനം സർവീസ് നടത്തിയാൽ മത്സ്യങ്ങളുടെ നിലനിൽപ്പിനെ ബാധിക്കുമെന്ന് പറഞ്ഞ് 11 വർഷം മുൻപ് സമരം ചെയ്തവരാണ് സിപിഎം. അതേ ഇടത് സർക്കാർ തന്നെ സീപ്ലെയിൻ ലോഞ്ച് ചെയ്തത് കേരളം ഏറെ ചർച്ച ചെയ്തിരുന്നു.















