ട്രെയിനുകളുടെ കൂട്ടിയിടി ഒഴിവാക്കാനും സുരക്ഷ ഉറപ്പാക്കാനുമായുള്ള തദ്ദേശീയ സംവിധാനമായ കവചിന്റെ വിന്യാസം ദ്രുതഗതിയിലാക്കി ഇന്ത്യൻ റെയിൽവേ. 10,000 ലോക്കോമോട്ടീവുകളിലും 1,105 കിലോമീറ്റർ പാളത്തിലും കവച് സ്ഥാപിക്കുന്നതിനുള്ള കരാർ ക്ഷണിച്ചു.
മൂന്നാം ഘട്ടം സംബന്ധിച്ച വിവരങ്ങളും ഇന്ത്യൻ റെയിൽവേ പുറത്തുവിട്ടിട്ടുണ്ട്. 2030-ന് മുന്നോടിയായി ഇതിന്റെ നിർമാണം പൂർത്തിയാകുമെന്നാണ് വിലയിരുത്തൽ. ഒരേ പാതയിൽ ഓടിയെത്തുന്ന രണ്ട് ട്രെയിനുകൾ തമ്മിൽ കൂട്ടിയിടിക്കുന്നത് ഒഴിവാക്കുന്നതിനുള്ള സംവിധാനമാണ് കവച്. അപകടം മുന്നിൽ കാണുമ്പോൾ ഓട്ടോമാറ്റിക്കായി ബ്രേക്കിംഗ് സംവിധാനം പ്രവർത്തിക്കും. റേഡിയോ ഫ്രീക്വൻസി ഉപയോഗിച്ചാണ് സംവിധാനം പ്രവർത്തിക്കുന്നത്.
നിലവിൽ കവച് സംവിധാനത്തിന്റെ ഒന്നാം ഘട്ടം പുരോഗമിക്കുകയാണ്. 14,735 കിലോമീറ്റർ പാതയിലേക്കായി കരാർ ക്ഷണിച്ചു. രണ്ടാം ഘട്ടത്തിൽ 2026-ഓടെ 17,000 കിലോമീറ്റർ പാതയിലും സംവിധാനം സജ്ജമാക്കും. നാലാം ഘട്ടത്തിലേക്ക് കേന്ദ്ര ബജറ്റിൽ 1.08 ലക്ഷം കോടി രൂപ അനുവദിച്ചിട്ടുണ്ട്. 36,000 കിലോമീറ്ററാകും ഈ ഘട്ടത്തിൽ നടപ്പിലാക്കുക.
എൻജിനിലും റെയിലുകൾക്കിടയിലുമാണ് കവച് സ്ഥാപിക്കുന്നത്. ഇത് സ്റ്റേഷൻ മാസ്റ്ററുടെ ഓഫീസുമായി ബന്ധിപ്പിക്കും. പാളത്തിലെ പ്രശ്നങ്ങൾ, അതിവേഗം, അപകട സിഗ്നൽ കടന്ന് വണ്ടി മുന്നോട്ടുപോവുക എന്നിവയിലടക്കം ‘കവച്’ മുന്നറിയിപ്പുകൾ നൽകും. ട്രാഫിക് കോളീഷൻ അവോയിഡൻസ് സിസ്‌റ്റം (ടിസിഎഎസ്) അല്ലെങ്കിൽ ഓട്ടോമാറ്റിക് ട്രെയിൻ പ്രൊട്ടക്ഷൻ സിസ്‌റ്റം (എടിപി) എന്നും കവച് അറിയപ്പെടുന്നു.
രാജ്യത്തെ 68,000 കിലോമീറ്റർ റെയിൽ ശൃംഖലയിൽ 1,465 കിലോമീറ്റർ ദൂരത്തിലാണ് നിലവിൽ കവച് സംവിധാനമുള്ളത്. ഇന്ത്യൻ റെയിൽവേയുടെ കീഴിൽ ലക്നൗവിൽ പ്രവർത്തിക്കുന്ന റിസർച്ച് ഡിസൈൻ ആൻഡ് സ്‌റ്റാൻഡേർഡ് ഓർഗനൈസേഷനാണ് (ആർഡിഎസ്‌ഒ) തദ്ദേശീയമായി വികസിപ്പിച്ചത്.