കണ്ണൂർ: കണ്ണൂർ വളപട്ടണം കളരിവാതുക്കൽ ഭഗവതി ക്ഷേത്ര മതിൽകെട്ടിനകത്തു വെൽഫയർ പാർട്ടി പരിപാടിക്ക് അനുമതി നൽകിയതിലും ആചാര ലംഘനത്തിലും പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിൽ ക്ഷേത്രരക്ഷാ ജാഗ്രതാ സദസ് നടത്തി. ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി ശ്യാംമോഹൻ പരിപാടി ഉദ്ഘാടനം ചെയ്തു.
നിരവധി ഭക്തർ പ്രതിഷേധത്തിന്റെ ഭാഗമായി. മതമൗലികവാദ സംഘടനയിൽ പെട്ടവർക്ക് ക്ഷേത്രത്തിൽ പരിപാടി നടത്താൻ അവസരം കൊടുക്കുകയും ആചാരലംഘനത്തിന് കൂട്ടുനിൽക്കുകയും ചെയ്തവർക്കെതിരെ ശക്തമായ നടപടി വേണമെന്ന് ശ്യാംമോഹൻ ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസമാണ് വളപട്ടണം പൈതൃകയാത്ര എന്ന പേരിൽ ദേവസ്വത്തിന്റെ അനുമതിയില്ലാതെ ക്ഷേത്ര മുറ്റത്ത് വെച്ച് പരിപാടി സംഘടിപ്പത്. സംഭവം വിവാദമായതോടെ കഴിഞ്ഞ ദിവസം ക്ഷേത്ര കമ്മറ്റി പിരിച്ചു വിട്ട് ചിറക്കൽ കോവിലകം എക്സിക്യുട്ടീവ് ഓഫീസർ ഉത്തരവ് നൽകിയിരുന്നു.
ആചാരലംഘനം സംബന്ധിച്ച് വളപട്ടണം പോലീസ് സ്റ്റേഷനിലും പരാതി നൽകിയിട്ടുണ്ട്. ആചാര ലംഘനത്തിൽ പ്രായശ്ചിത്ത നടപടികൾ സ്വീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്.