തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴയ്‌ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി ഇന്ന് (15-11-2024) രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, തൃശൂർ ജില്ലകളിലാണ് യെല്ലോ അലർട്ട്.
ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്‌ക്ക് സാധ്യതയെന്നാണ് പ്രവചനം. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്‌ക്കും കാറ്റിനും സാധ്യതയുണ്ട്. മലയോര മേഖലയിൽ താമസിക്കുന്നവർ മണ്ണിടിച്ചിൽ സാധ്യത മുന്നിൽകണ്ട് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. കടലാക്രമണത്തിന് സാധ്യതയുണ്ടെങ്കിലും കേരള ലക്ഷദ്വീപ് കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തിയിട്ടില്ല.
തെക്കൻ തമിഴ്നാടിന് മുകളിലും ലക്ഷദ്വീപിന് മുകളിലും രണ്ട് ചക്രവാതച്ചുഴികൾ നിലനിൽക്കുന്നുണ്ട്. ഇതിന്റെ സ്വാധീനഫലമായാണ് മഴ ശക്തമാകുന്നത്. രണ്ട് ദിവസം മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്.
അതേസമയം തിരുവനന്തപുരം ജില്ലയിലെ വിവിധയിടങ്ങളിൽ പുലർച്ച മുതൽ മഴ തുടരുകയാണ്. പലയിടങ്ങളിലും ഇതിനോടകം വെള്ളക്കെട്ടുകൾ രൂപപ്പെട്ടിട്ടുണ്ട്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിർദേശം നൽകി.