തിരുവനന്തപുരം: പ്രതിഷേധം ശക്തമായതിനെ തുടർന്ന് എസ് എം വി സ്കൂളിന്റെ ഗേറ്റ് നിർമാണം കോർപ്പറേഷൻ ഉപേക്ഷിച്ചു. ബുധനാഴ്ച എബിവിപിയുടെ നേതൃത്വത്തിൽ സ്കൂളിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസം ജനം ടിവി ‘ബാറിനോടുളള കോർപ്പറേഷന്റെ കരുതൽ’ വാർത്തയാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കോർപ്പറേഷൻ നിർമാണം ഉപേക്ഷിച്ചത്.
റോഡിന് എതിർവശത്ത് പുതിയതായി നിർമിക്കുന്ന ത്രീസ്റ്റാർ ബാർ ഹോട്ടലിന് വേണ്ടിയാണ് കോർപ്പറേഷൻ ചരിത്ര പ്രസിദ്ധമായ ഗേറ്റ് മാറ്റി സ്ഥാപിക്കുന്നത്. നിയമപ്രകാരം മദ്യ വിൽപ്പന കേന്ദ്രങ്ങളും സ്കൂളും തമ്മിലുള്ള കുറഞ്ഞ ദൂരപരിധി 200 മീറ്ററാണ്. ബാറും സ്കൂളും മുഖാമുഖമാണ് സ്ഥിതി ചെയ്യുന്നതെങ്കിലും ആയുർവേദ കോളേജ് ജംഗ്ഷൻ ചുറ്റി അളവെടുത്താൽ സ്കൂളുമായി ഏകദേശം 198 മീറ്റർ ദൂരമാണ് ഉള്ളത്. എന്നിട്ടും 200 മീറ്റർ കടക്കാത്തതാണ് ഇത്തരം നീക്കത്തിന് കാരണം.
സ്കൂളിന്റെ ഗേറ്റ് മാറ്റാൻ ബാർ മുതലാളിയിൽ നിന്ന് മേയറും കോർപ്പറേഷനും അച്ചാരം വാങ്ങിയെന്ന ആരോപണവും ശക്തമായിരുന്നു. ഇതിന് പിന്നാലെയാണ് എബിവിപി പ്രതിഷേധം കടുപ്പിച്ചത്. അഴിമതി ആരോപണത്തിന് പിന്നാലെ പതിവ് പോലെ മുഖം രക്ഷിക്കാനുള്ള ശ്രമങ്ങളുമായി മേയറും കൂട്ടരും രംഗത്തെത്തി. സ്കൂൾ വഞ്ചിയൂരിൽ നിന്ന് തമ്പാനൂരിലേക്ക് മാറ്റി സ്ഥാപിച്ചതിന്റെ 100 വാർഷികത്തോട് അനുബന്ധിച്ചാണ് കവാടം നിർമിക്കുന്നതെന്നും 2020 ൽ തീരുമാനിച്ച പദ്ധതിയാണെന്നുമാണ് ഇവരുടെ വാദം.















