പാലക്കാട്: കൽപ്പാത്തി രഥോത്സവത്തിനോടനുബന്ധിച്ച് ഇന്ന് ദേവരഥ സംഗമം നടക്കും. മൂന്നാം തേരുത്സവ ദിവസമായ ഇന്ന് വൈകുന്നേരമാണ് ദേവരഥ സംഗമം നടക്കുന്നത്. ദേവരഥ സംഗമത്തിന് സാക്ഷ്യം വഹിക്കാൻ ആയിരക്കണക്കിന് ഭക്തജനങ്ങളാണ് കൽപ്പാത്തിയിലേക്ക് ഒഴുകിയെത്തുന്നത്.
ചാത്തപുരം പ്രസന്ന മഹാഗണപതിയുടെയും ലക്ഷ്മി നാരായണ പെരുമാളിന്‍റെയും രഥങ്ങൾ കൂടി പ്രയാണം ആരംഭിക്കും. വൈകിട്ട് ദേവീദേവന്മാരുടെ ആറ് രഥങ്ങളും തേരുമുട്ടിയിൽ സംഗമിക്കും. ഉത്സവത്തിലെ ഏറ്റവും പ്രധാന ചടങ്ങിൽ പങ്കെടുക്കുന്നതിനായി തമിഴ്നാട്ടിൽ നിന്നും നിരവധി വിശ്വാസികൾ കൽപ്പാത്തിയിലെത്തും.
ലക്ഷ്മി നാരായണ പെരുമാളിന്‍റെ രഥം പ്രയാണം ആരംഭിക്കുന്ന അതേ സമയത്ത് തന്നെയാണ് ചാത്തപുരം പ്രസന്ന മഹാഗണപതി ക്ഷേത്രത്തിലെ രഥങ്ങളുടെ പ്രയാണങ്ങളും ആരംഭിക്കുക.
നാല് രഥങ്ങളാണ് ഇതുവരെ പ്രയാണം ആരംഭിച്ചത്. വിശാലാക്ഷി സമേത വിശ്വനാഥ സ്വാമിയുടെ രഥവും സുബ്രഹ്മണ്യ സ്വാമിയുടെ രഥവും ഗണപതിയുടെ രഥവും 13-ന് പ്രയാണം ആരംഭിച്ചിരുന്നു. ഇന്നലെ മഹാഗണപതിയുടെ രഥവും പ്രയാണം ആരംഭിച്ചിരുന്നു. പത്ത് ദിവസത്തെ ഉത്സവത്തിന് 16-ന് കൊടിയിറങ്ങും.