സൂര്യ നായകനായ ബിഗ്ബജറ്റ് ചിത്രം കങ്കുവയുടെ വ്യാജപതിപ്പ് പുറത്തിറങ്ങി. റിലീസ് ചെയ്ത് മണിക്കൂറുകൾക്കകമാണ് വ്യാജനും പുറത്തുവന്നത്. സമ്മിശ്ര പ്രതികരണങ്ങളുമായി തിയേറ്ററിൽ പ്രദർശനം തുടരുന്നതിനിടെയാണ് ചിത്രത്തിന്റെ വ്യാജ പതിപ്പ് പുറത്തിറങ്ങിയത്. ഹൈ ക്വാളിറ്റിയിലാണ് വ്യാജപതിപ്പ് ഇറങ്ങിയിരിക്കുന്നത്. സിനിമ ചോർത്തിയവർക്കെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് നിർമാതാക്കളായ സ്റ്റുഡിയോ ഗ്രീൻ അറിയിച്ചു.
റിലീസ് ചെയ്ത് മണിക്കൂറുകൾക്കകം സിനിമ ലീക്കായിയെന്ന വിവരം അണിയറ പ്രവർത്തകർക്ക് വലിയ ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്. ആദ്യ പ്രതികരണങ്ങളിൽ നിരാശപ്പെടുത്തുമ്പോഴാണ് വ്യാജനും പുറത്തിറങ്ങിയത്. ടെലഗ്രാമിലൂടെയാണ് വ്യാജൻ എത്തിയത്. തമിൾറോക്കേഴ്‌സ് എന്ന അക്കൗണ്ടിൽ ഉൾപ്പെടെയാണ് പതിപ്പ് പ്രത്യക്ഷപ്പെട്ടത്. ഇതിന് പുറമേ ചില ഓൺലൈൻ പ്ലാറ്റ്ഫോമുകളിലും കങ്കുവയുടെ വ്യാജപതിപ്പ് പ്രചരിക്കുന്നുണ്ട്.
വ്യാജപതിപ്പ് പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്ന് ആന്റി പൈറസി ടീം മുന്നറിയിപ്പ് നൽകി. സ്റ്റുഡിയോ ഗ്രീനിന്റെ ബാനറിൽ വംശി പ്രമോദ് എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചത്. 38 ഭാഷകളിലായി റിലീസ് ചെയ്ത ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്.
പ്രേക്ഷകർ വലിയ ആവേശത്തോടെ കാത്തിരുന്ന ചിത്രമായിരുന്നു കങ്കുവ. എന്നാൽ ആദ്യ ഷോ കഴിഞ്ഞപ്പോൾ തന്നെ ചിത്രത്തെ കുറിച്ച് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചിരുന്നത്. മേക്കിംഗിനും കഥയ്‌ക്കും സംഗീതത്തിനും മോശം പ്രതികരണമാണ് ലഭിക്കുന്നത്.