വിരുദ്ധാഹാരങ്ങളെ കുറിച്ച് പലപ്പോഴും വീട്ടിലെ മുതിർന്നവരിൽ നിന്ന് കേട്ടിട്ടുണ്ടാകും. ചില പ്രത്യേക കോമ്പിനേഷനുകൾ പലപ്പോഴും ദഹനത്തെ തടസ്സപ്പെടുത്തുകയോ മറ്റ് അസ്വസ്ഥതകൾ ഉണ്ടാക്കുകയോ ചെയ്യാറുണ്ട്. അതുകൊണ്ട് ചില ഭക്ഷണങ്ങൾ ചിലതിനോട് ചേർത്ത് കഴിക്കരുതെന്ന് നമ്മൾ എപ്പോഴും കേട്ടിട്ടുമുണ്ടാകും. അത്തരത്തിൽ വിരുദ്ധാഹാരമെന്ന് പലപ്പോഴും പറയാറുള്ള ഒന്നാണ് പാലുത്പന്നങ്ങളും മാംസവിഭവങ്ങളും. എന്നാൽ ഇതിൽ എന്തെങ്കിലും സത്യമുണ്ടോ? ചില പഠനങ്ങളുടെ അടിസ്ഥാനത്തിൽ വിദഗ്ധർ ഈ കാര്യത്തെ കുറിച്ച് പറയുന്നത് എന്താണെന്ന് നോക്കാം.
പാലിനൊപ്പമോ, പാൽ ഉത്പന്നങ്ങൾക്ക് ഒപ്പമോ നോൺ വെജ് ചേർക്കരുത് എന്ന് പറയുന്നതിൽ കഴമ്പില്ലെന്നാണ് പോഷകാഹാര വിദഗ്ധനായ അമിത ഗാദ്രെ പറയുന്നത്. ഇവ ഒരുമിച്ച് കഴിക്കുന്നത് വഴി ശരീരത്തിന് ഏതെങ്കിലും തരത്തിൽ ദോഷം ചെയ്യുമെന്നതിന് ശാസ്ത്രീയമായ തെളിവുകളില്ലെന്നാണ് അദ്ദേഹം പറയുന്നത്. പാൽ, മാംസവിഭവങ്ങൾ എന്നിവയിൽ നിന്ന് ഉണ്ടാകുന്ന പ്രോട്ടീനുകളേയും കൊഴുപ്പിനേയും ചില എൻസൈമുകൾ ഇല്ലാതാക്കുന്നുണ്ട്. അതുകൊണ്ട് ഇവ ഒരുമിച്ച് കഴിക്കുന്നത് ദഹനത്തെ ഒരു രീതിയിലും പ്രതികൂലമായി ബാധിക്കില്ല.
ഇവ രണ്ടും ഒരുമിച്ച് കഴിക്കുന്നത് ശരീരത്തെ ദോഷമായി ബാധിക്കില്ലെന്ന് കൺസൽട്ടന്റ് ന്യൂട്രീഷനിസ്റ്റായ രൂപാലി ദത്ത പറയുന്നു. ഇവ സുരക്ഷിതമാണെന്ന് തെളിയിക്കുന്ന നിരവധി പഠനങ്ങളും ഉണ്ടെന്നും രൂപാലി പറയുന്നു. പാൽ ഉത്പന്നങ്ങൾ ചേർന്ന നോൺ വെജ് വിഭവങ്ങൾ സാധാരണമാണെന്നും അവർ ചൂണ്ടിക്കാണിക്കുന്നു. ചിക്കൻ തൈരിൽ മാരിനേറ്റ് ചെയ്യുന്നത്, ക്രീം സോസുകൾ ഉപയോഗിച്ചുള്ള മീൻ വിഭവങ്ങൾ, ക്രീം ചേർത്തുള്ള ചിക്കൻ വിഭവങ്ങൾ, ബട്ടർ ചിക്കൻ, മട്ടൻ വിഭവങ്ങൾ ഇവയെല്ലാം സർവ്വസാധാരണമാണ്. ഈ വിഭവങ്ങളിലെല്ലാം പാൽ ഉത്പന്നങ്ങളാണ് രുചി വർദ്ധിപ്പിക്കുന്നതെന്നും രൂപാലി വ്യക്തമാക്കി. അതേസമയം ലാക്ടോസ് അലർജി ഉള്ളവരാണെങ്കിൽ ഈ കോമ്പിനേഷൻ ഒഴിവാക്കുന്നതാകും നല്ലതെന്നും, അല്ലാത്തപക്ഷം ഇവ കഴിക്കുന്നത് ഒരു രീതിയിലും പ്രശ്‌നമുള്ള കാര്യമല്ലെന്നും വിദഗ്ധർ പറയുന്നു.















