ചെന്നൈ: എസിയിട്ട മുറിയിൽ എലി വിഷം വച്ചതിന് പിന്നാലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം. ചെന്നൈ കുന്ദ്രത്തൂരിലാണ് സംഭവം. ശാലിനി (6), സായിഷ് കൃഷ്ണ (1)എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം.
കുന്ദ്രത്തൂർ സ്വദേശിയും ബാങ്ക് മാനേജറുമായ ഗിരിധരൻ- പവിത്ര ദമ്പതികളുടെ മക്കളാണ് മരിച്ചത്. വീട്ടിൽ എലി ശല്യം രൂക്ഷമായതോടെ ഇയാൾ സമീപത്തുള്ള കീടനാശിനി കമ്പനിയുടെ സഹായം തേടിയിരുന്നു. തുടർന്ന് ഇന്നലെ വൈകിട്ടോടെ കമ്പനി ജീവനക്കാർ ഗിരിധരന്റെ വീട്ടിലെത്തി എലിവിഷം വിതറിയിരുന്നു.
രാത്രിയിൽ എസിയിട്ട് കിടന്നുറങ്ങുന്നതിനിടെ ഇവർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഛർദ്ദിയും ശ്വാസംമുട്ടലും ദമ്പതികൾക്ക് അനുഭവപ്പെട്ടു. ആശുപത്രിയിലെത്തുന്നതിന് മുന്നേ കുട്ടികൾ മരണപ്പെട്ടിരുന്നു. ദമ്പതികൾ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്.















