ആലപ്പുഴ: കുട്ടികളുമായി പോയ സ്കൂൾ ബസിന്റെ പിൻചക്രങ്ങൾ ഊരിത്തെറിച്ചു. ഇന്നലെ വൈകിട്ട് നാല് മണിയോടെയായിരുന്നു സംഭവം. തണ്ണീർമുക്കം ബണ്ടിന്റെ കിഴക്കേ പാലത്തിൽ വച്ചാണ് അപകടമുണ്ടായത്. അപകടസമയത്ത് നിരവധി വിദ്യാർത്ഥികളാണ് ബസിലുണ്ടായിരുന്നത്.
പട്ടണക്കാട് സെന്റ് ജോസഫ്സ് പബ്ലിക് സ്കൂളിലെ ബസിനാണ് തകരാറുണ്ടായത്. തണ്ണീർമുക്കം ബണ്ട് അവസാനിക്കുന്നതിന് മുമ്പ് പാലത്തിന് സമീപത്തായിരുന്നു അപകടം. റോഡിലെ കുഴിയിൽ ഇറങ്ങിയതിന് പിന്നാലെ ബസിന്റെ ടയർ ഊരി തെറിക്കുകയായിരുന്നു. ബസ് ഡ്രൈവറുടെ അവസരോചിതമായ നീക്കമാണ് വലിയ അപകടം ഒഴിവാക്കിയത്.
അപകടത്തെ തുടർന്ന് ബണ്ട് പാലത്തിൽ ഏറെ നേരം ഗതാഗതം തടസപ്പെട്ടു. സ്കൂളിൽ നിന്നും കുട്ടികളെ വീട്ടിലേക്ക് കൊണ്ടുപോകുന്നതിനിടെയായിരുന്നു അപകടം. ആർക്കും പരിക്കേറ്റിട്ടില്ല. കുട്ടികളെ മറ്റൊരു വാഹനത്തിൽ കയറ്റി വീട്ടിലെത്തിച്ചു.















