കുമളി: വിനോദസഞ്ചാരികളായ ഇസ്രായേൽ പൗരന്മാരെ കശ്മീരി വ്യാപാരികൾ അപമാനിച്ച് ഇറക്കിവിട്ട സംഭവം ഒരിക്കലും അംഗീകരിക്കാനാകാത്തതെന്ന് ബിജെപി നേതാവ് പി സി ജോർജ്. വർഗീയത കാണിക്കുന്നവരെ നാട് കടത്തണമെന്നും പി സി ജോർജ് പറഞ്ഞു. ജനം ടിവിയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
” കശ്മീരി വ്യാപാരികളുടെ പ്രവൃത്തി നിഷ്‌കളങ്കമായി കാണാൻ സാധിക്കില്ല. വിനോദസഞ്ചാരികളായി എത്തിയവരെയാണ് അവർ അപമാനിച്ചത്. ഇത്തരത്തിൽ വർഗീയത കാണിക്കുന്നവരെ ഇന്ത്യയിൽ നിന്ന് അടിച്ചുപുറത്താക്കണം. മതേതരത്വത്തെ ഉയർത്തിക്കാട്ടുന്നവരാണെന്ന് പറയുന്നവർ തന്നെ അതിന് വിരുദ്ധമായി പ്രവർത്തിക്കുകയാണ്.
ഇസ്രായേലി ആണെന്ന് പറഞ്ഞതിൽ അയാളെ അടിച്ചെന്ന് പറഞ്ഞാൽ ആളുകളുടെ ചിന്താഗതി എത്രത്തോളം അപകടകരമായിരിക്കുന്നുവെന്ന് മനസിലാക്കണം. ഇത്തരക്കാരെ ഒരു കാരണവശാലും ഇന്ത്യയിൽ വച്ചുപൊറുപ്പിക്കരുത്. ”- പി സി ജോർജ് പറഞ്ഞു.
വഖ്ഫ് ബോർഡിന്റെ അധിനിവേശത്തിനെതിരെയും അദ്ദേഹം രൂക്ഷമായി പ്രതികരിച്ചു. മുനമ്പത്തെ ജനങ്ങളെ ദ്രോഹിക്കാനാണ് വഖ്ഫ് ബോർഡ് പദ്ധതിയിട്ടിരിക്കുന്നത്. ഓരോ സ്ഥലങ്ങളായി പിടിച്ചെടുക്കാനാണ് ഇവർ ശ്രമിക്കുന്നത്. ഇതിനെല്ലാം പിന്നിൽ ജവഹർലാൽ നെഹ്‌റുവിന്റെ കൈകളാണെന്നും വഖ്ഫ് ബോർഡിന് പൂർണ അനുമതി നൽകിയത് നെഹ്‌റുവാണെന്നും അദ്ദേഹം ആരോപിച്ചു.















