മുഖകാന്തി വർദ്ധിപ്പിക്കുന്നതിനും ചർമ്മ സംരക്ഷണത്തിനും പുതിയ പരീക്ഷണങ്ങൾ നടത്തുന്നവരാണ് നമ്മളിൽ പലരും. മുഖകാന്തിക്കായി വിലപ്പിടിപ്പുള്ള ബ്രാൻഡഡ് ക്രീമുകൾ മുതൽ കഞ്ഞിവെള്ളം വരെ ചിലർ പരീക്ഷിക്കാറുണ്ട്. പുറത്ത് ജോലി ചെയ്യുന്നവർ പൊതുവെ നേരിടുന്ന പ്രശ്നമാണ് മുഖത്തുണ്ടാകുന്ന കരുവാളിപ്പും കറുത്ത പാടുകളും. പൊടിയും സൂര്യപ്രകാശവുമൊക്കെയാണ് ഇതിന് കാരണം. എന്നാൽ കരുവാളിപ്പ് മാറ്റുന്നതിനും ചർമ്മ സംരക്ഷണത്തിനും ഉത്തമമായ ഒരു ഫെയ്സ്പാക്ക് പരിചയപ്പെടുത്താം.
മുട്ടയും കാപ്പിപ്പൊടിയും മഞ്ഞളുമാണ് ഈ ഫെയ്സ്പാക്കിനായി എടുക്കേണ്ടത്. ഒരു പാത്രത്തിൽ മുട്ടയുടെ വെള്ളക്കുരു മാത്രം എടുക്കുക. അതിലേക്ക് കുറച്ച് കാപ്പിപ്പൊടിയും മഞ്ഞളും ചേർത്ത് നന്നായി ഇളക്കണം. ശേഷം ഇത് മുഖത്ത് തേച്ച് പിടിപ്പിച്ച് കൊടുക്കണം. തുടർന്ന് അതിന് മുകളിലായി ഒരു ടിഷ്യൂപേപ്പർ ഒട്ടിച്ചുചേർക്കുക. ഇതിന് മുകളിലായി വീണ്ടും തയാറാക്കിയ വച്ചിരിക്കുന്ന മിശ്രിതം നന്നായി തേച്ചുകൊടുക്കണം. മുഖത്ത് ഇടുന്നവർ കഴുത്തിലും പാക്ക് ഇടാൻ മറക്കരുത്. 15 മിനിറ്റിന് ശേഷം ടിഷ്യൂപേപ്പർ പതിയെ ഇളക്കിയെടുക്കണം. പിന്നീട് ഐസ് വെള്ളത്തിൽ മുഖം കഴുകണം.
ഈ പാക്ക് പരീക്ഷിച്ചാൽ കരുവാളിപ്പ് മാറുന്നതോടൊപ്പം മുഖത്തൊരു തിളക്കവും ലഭിക്കും. അകാല വാർദ്ധക്യം മാറ്റാനും അത്യൂത്തമമാണ് ഈ ഫെയ്സ്പാക്ക്. മുഖക്കുരുവും പാടുകളും മാറ്റാൻ പുതിയ പരീക്ഷണങ്ങൾ അന്വേഷിക്കുന്നവർക്ക് ഇത് ഉപയോഗപ്രദമായിരിക്കും.















