മുംബൈ: മഹാരാഷ്‌ട്ര മുൻ മന്ത്രിയും എൻസിപി നേതാവുമായ ബാബാ സിദ്ദിഖിന്റെ കൊലപാതകത്തിന് പിന്നാലെ ലോറൻസ് ബിഷ്‌ണോയ് സംഘം നോട്ടമിട്ട ആളുകളുടെ കൂടുതൽ വിവരങ്ങൾ പുറത്ത്. 2022ലെ ശ്രദ്ധ വാക്കർ കൊലപാതക കേസിൽ പ്രതിയായ അഫ്താബ് പൂനാവല്ലയെ ആക്രമിക്കാൻ പദ്ധതിയിട്ടിരുന്നതായാണ് സംഘത്തിന്റെ പുതിയ വെളിപ്പെടുത്തൽ. ബാബാ സിദ്ദിഖിന്റെ കൊലപാതകത്തിന് പിന്നാലെ പിടിയിലായ ശിവകുമാർ ഗൗതമാണ് ഇക്കാര്യങ്ങൾ പൊലീസിനോട് തുറന്നുപറഞ്ഞത്.
ശ്രദ്ധയെ അപായപ്പെടുത്തിയ സംഭവത്തിൽ കാമുകനായ അഫ്താബാണ് കുറ്റവാളിയെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇയാളെ ലക്ഷ്യം വച്ചിരുന്നതായി ബിഷ്‌ണോയ് സംഘത്തിലെ ശുഭം ലോങ്കർ തന്നോട് പറഞ്ഞിരുന്നുവെന്നാണ് ശിവകുമാറിന്റെ വെളിപ്പെടുത്തൽ. കേസിൽ പിടിക്കപ്പെട്ട അഫ്താബ് നിലവിൽ തിഹാർ ജയിലിലാണ്.
2022 ലാണ് കാമുകിയായ ശ്രദ്ധ വാക്കറിനെ, അഫ്താബ് കൊലപ്പെടുത്തിയത്. മൃതദേഹം 35 കഷ്ണങ്ങളാക്കി ഫ്രിഡ്ജിൽ സൂക്ഷിക്കുകയും 18 ദിവസങ്ങൾക്ക് ശേഷം ഡൽഹിയിലെ വിവിധയിടങ്ങളിൽ ഉപേക്ഷിക്കുകയുമായിരുന്നു.
അഫ്താബുമായുള്ള ബന്ധം ഉപേക്ഷിക്കണമെന്ന ആവശ്യം ശ്രദ്ധയുടെ മാതാപിതാക്കൾ ഉന്നയിച്ചിരുന്നു. എന്നാൽ അഫ്താബ് ശ്രദ്ധയ്‌ക്കൊപ്പം മുംബൈയിൽ നിന്നും ഡൽഹിയിലേക്ക് താമസം മാറ്റുകയായിരുന്നു. പിന്നീട് ബന്ധത്തിൽ വിള്ളൽ വന്നതോടെ ശ്രദ്ധയെ അഫ്താബ് കൊലപ്പെടുത്തുകയായിരുന്നു















