കൊളംബോ : ശ്രീലങ്കൻ പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ പ്രസിഡൻ്റ് അനുര കുമാര ദിസനായകെയുടെ പാർട്ടി മുന്നിൽ രണ്ടു ഭൂരിപക്ഷം നേടി വിജയിച്ചു. പാർലമെൻ്റിലെ 225 സീറ്റുകളിൽ 159 സീറ്റുകൾ നാഷണൽ പീപ്പിൾസ് പവർ പാർട്ടി (എൻപിപി) സഖ്യം നേടിയതായി തെരഞ്ഞെടുപ്പ് കമ്മീഷൻ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
സെപ്റ്റംബർ 21-നായിരുന്നു ശ്രീലങ്കൻ പ്രസിഡൻ്റ് തെരഞ്ഞെടുപ്പ്. ഇതിൽ നാഷണൽ പീപ്പിൾസ് പവർ (എൻപിപി) സഖ്യത്തിന്റെ നേതാവ് അനുര കുമാര ദിസനായക വിജയിക്കുകയും പുതിയ പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. കഴിഞ്ഞ സെപ്തംബർ 23നാണ് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തത്. ആ സമയത്ത് അദ്ദേഹത്തിന്റെ എൻപിപി സഖ്യത്തിന് പാർലമെൻ്റിൽ 3 അംഗങ്ങൾ മാത്രമാണുണ്ടായിരുന്നത്.
തുടർന്ന് ഭൂരിപക്ഷം നേടാൻ വേണ്ടി പാർലമെൻ്റ് പിരിച്ചുവിടാനും തെരഞ്ഞെടുപ്പ് നടത്താനും പ്രസിഡൻ്റ് ദിസനായക ഉത്തരവിട്ടു.
തുടർന്ന് നവംബർ 14 ന് പുതിയ പാർലമെൻ്റിനെ തെരഞ്ഞെടുക്കാനായി തെരഞ്ഞെടുപ്പ് നടത്തുകയായിരുന്നു. 225 അംഗങ്ങളുളള ശ്രീലങ്കൻ പാർലമെൻ്റിൽ 196 എംപിമാരെ ജനങ്ങൾ നേരിട്ട് തെരഞ്ഞെടുക്കുന്നു. നവംബർ 14 ന് വൈകിട്ട് നാലിന് പോളിങ് അവസാനിച്ച ഉടൻ തന്നെ വോട്ടെണ്ണൽ ആരംഭിച്ചു. വോട്ടെടുപ്പ് ആരംഭിച്ചതു മുതൽ പ്രസിഡൻ്റ് ദിസനായകെയുടെ പാർട്ടിയാണ് ലീഡ് നേടിയത്.