സന്നിധാനം: മണ്ഡലമകരവിളക്ക് മഹോത്സവത്തിനായി ശബരിമല നട തുറന്നു. ഇതോടെ മണ്ഡലകാല തീർത്ഥാടനത്തിന് തുടക്കമായി. തന്ത്രിമാരായ കണ്ഠര് രാജീവര്, കണ്ഠര് ബ്രഹ്മദത്തൽ എന്നിവരുടെ സാന്നിധ്യത്തിൽ മേൽശാന്തി പി.എൻ മഹേഷാണ് ഇന്നുവൈകിട്ട് നടതുറന്നത്. തിരക്ക് ഒഴിവാക്കുന്നതിന്റെ ഭാഗമായി നേരത്തോടെ നടന്ന തുറന്നിരുന്നു.
പുതുതായി ചുമതലയേൽക്കുന്ന മേൽശാന്തിമാരെ ആനയിച്ച് ശ്രീകോവിലിലേക്ക് എത്തിച്ചു. പതിനെട്ടാം പടി കയറി, ഇരുമുടിക്കെട്ടുമായി നിയുക്ത മേൽശാന്തിമാർ (മാളികപ്പുറം, ശബരിമല) അയ്യപ്പസന്നിധിയിൽ എത്തി. പുതിയ മേൽശാന്തി എസ്. അരുൺകുമാർ നമ്പൂതിരി നാളെ പുലർച്ചെ മൂന്ന് മണിക്ക് നടതുറക്കും. ഇതോടെ മണ്ഡലകാല പൂജകൾക്ക് തുടക്കമാകും.
ഡിസംബർ 22നാണ് തങ്കഅങ്കി ഘോഷയാത്ര തുടങ്ങുക. ഡിസംബർ 26ന് രാവിലെ 11.30ന് തങ്കഅങ്കി ചാർത്തും. രാത്രി പത്ത് മണിക്ക് നടയടക്കുന്നതോടെ മണ്ഡലകാല തീർത്ഥാടനത്തിന് സമാപനമാകും. ഡിസംബർ 30നാണ് മകരവിളക്ക് തീർത്ഥാടനത്തിനായി നടതുറക്കുക.















