ആനന്ദ് ശ്രീബാലയിലെ അർജുൻ അശോകന്റെ പ്രകടനത്തെ കുറിച്ച് വൈകാരികമായി പ്രതികരിച്ച് ഹരിശ്രീ അശോകൻ. അർജുൻ ഇതുവരെ ചെയ്തതിൽ നിന്നും തികച്ചും വ്യത്യസ്തമായ വേഷത്തിലാണ് ആനന്ദ് ശ്രീബാലയിൽ എത്തുന്നതെന്നും മകനായത് കൊണ്ട് പറയുന്നതല്ല, അർജുൻ നന്നായി ചെയ്തിട്ടുണ്ടെന്നും ഹരിശ്രീ അശോകൻ പറഞ്ഞു. ആനന്ദ് ശ്രീബാലയുടെ ആദ്യ ഷോയ്‌ക്ക് ശേഷം ഓൺലൈൻ മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അശോകൻ.
സിനിമ വളരെ നന്നായിട്ടുണ്ട്. സംവിധായകന്റെ ആദ്യ ചിത്രമാണെന്ന് പറയില്ല. ഒരുപാട് പഠിച്ചതിന് ശേഷമാണ് സിനിമ എടുത്തിരിക്കുന്നത്. സ്ക്രീൻപ്ലേ വളരെ നല്ലതായിരുന്നു. അമ്മയും മകനും തമ്മിലുള്ള ബന്ധം വച്ചൊരു ഇൻവെസ്റ്റിഗേഷനാണ് ഈ സിനിമ. അർജുൻ ഇതുവരെ ചെയ്തതതിൽ വച്ച് വളരെ വ്യത്യസ്തമായ കഥാപാത്രമാണ് ആനന്ദ് ശ്രീബാലയിൽ ചെയ്തത്. കുടുംബത്തോടൊപ്പം കാണാൻ പറ്റുന്ന രീതിയിലാണ് പടം ഒരുക്കിയിരിക്കുന്നത്. സാധാരണ ഒരു ഇൻവെസ്റ്റിഗേഷനല്ലിതെന്നും ഹരിശ്രീ അശോകൻ പറഞ്ഞു.
എല്ലാവരും നല്ല അഭിപ്രായങ്ങൾ പറയുന്നുണ്ടെന്നും ഒരുപാട് പ്രതീക്ഷയുണ്ടെന്നും അർജുൻ അശോകൻ പ്രതികരിച്ചു. എല്ലാവരും സിനിമ കാണണം. സിനിമ കണ്ട് പ്രേക്ഷകർ വിലയിരുത്തണമെന്നും അർജുൻ പറഞ്ഞു.