തിരുവനന്തപുരം: ഏഴാം തരം തുല്യതാ പരീക്ഷയിൽ ചലച്ചിത്ര താരം ഇന്ദ്രൻസിന് വിജയം. 500ൽ 297 മാർക്ക് നേടിയാണ് അദ്ദേഹം ജയിച്ചത്. തിരുവനന്തപുരം അട്ടക്കുളങ്ങര സെൻട്രൽ സ്‌കൂളിൽ വച്ചായിരുന്നു അദ്ദേഹം പരീക്ഷ എഴുതിയത്. 68 വയസിലാണ് താരത്തിന്റെ നേട്ടം. വയനാട്ടിലെ ഷൂട്ടിംഗിനിടെയാണ് താരത്തെ തേടി പരീക്ഷാഫലം എത്തിയത്.
കുട്ടിക്കാലത്ത് കുടുംബപ്രാരാബ്ധങ്ങൾ മൂലം നാലാം ക്ലാസിൽ പഠനം ഉപേക്ഷിച്ച ഇന്ദ്രൻസ് പിന്നീട് തയ്യൽ കടയിൽ ജോലി തുടങ്ങുകയായിരുന്നു. തുടർന്ന് സിനിമയിലെത്തി മികച്ച അഭിനേതാവെന്ന പേരെടുക്കുമ്പോഴും പാതിവഴിയിൽ മുടങ്ങിയ പഠനവഴിയിലേക്ക് വീണ്ടും ഒരു മടക്കയാത്രയെന്ന മോഹം മനസിലുണ്ടായിരുന്നു. ഇതോടെയാണ് തുല്യതാ പരീക്ഷയെന്ന കടമ്പ ചാടിക്കടക്കാൻ തീരുമാനമെടുത്തത്. പത്താംക്ലാസ് തുല്യത നേടുക എന്നതാണ് ഇന്ദ്രൻസിന്റെ അടുത്ത ലക്ഷ്യം.
കേരള സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റി നടപ്പാക്കുന്ന നാലാം തരം തുല്യതാ കോഴ്‌സിന്റെയും ഏഴാം തരം തുല്യതാ കോഴ്‌സിന്റെയും പരീക്ഷാഫലമാണ് ഇന്ന് പ്രഖ്യാപിച്ചത്. നാലാം തരം തുല്യതാകോഴ്‌സിൽ 487 പരീക്ഷയെഴുതിയതിൽ 476 പേർ വിജയിച്ചു. ഏഴാം തരം തുല്യതാകോഴ്‌സിൽ 1483 പേരാണ് വിജയിച്ചത്.