വൈവിധ്യമാർന്ന ഭൂപ്രകൃതികൾക്കും സംസ്കാരത്തിനും പൈതൃകത്തിനും പേരുകേട്ട നാടാണ് ഇന്ത്യ. രാജ്യത്തിന്റെ മുക്കിലും മൂലയിലും വരെ വ്യത്യസ്ത കാണാനാകും. പലരും മനസിന് കുളിർമയേകാനും ശാന്തത ആസ്വദിക്കാനുമായി യാത്രകൾ ചെയ്യുന്നവരാണ്. ഈ യാത്ര ചെന്നെത്തുന്നത് വിസ്മയിപ്പിക്കുന്ന ഇടങ്ങളിലാണ്. വിസ്മയം ഒളിപ്പിച്ച് വച്ചിരിക്കുന്ന ഇന്ത്യയിലെ ചില സ്പോട്ടുകളിലേക്ക് ആയാലോ അടുത്ത യാത്ര.
മാഗ്നെറ്റിക് ഹിൽ, ലഡാക്ക്
അൽപം വ്യത്യസ്ത അനുഭവത്തിനായി ഇവിടെ എത്താം. സമുദ്രനിരപ്പിൽ നിന്ന് 14,000 അടി ഉയരത്തിലുള്ള മലനിരകളിലാണ് ഈ മാഗ്നെറ്റിക് ഹിൽ. മാഗ്നെറ്റിക് ഹിൽ ഭാഗത്തെ കയറ്റിലോ വാഹനങ്ങൾ നിർത്തിയിട്ടാലും പിന്നോട്ട് പോകാതെ മുന്നോട്ട് നീങ്ങും. ഈ അതുല്യ പ്രതിഭാസം വർഷങ്ങളോളം ശാസ്ത്രജ്ഞരെ ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ട്. ഗുരുത്വാകർഷണ ബലമാണ് പ്രതിഭാസത്തിന് പിന്നിലെന്നാണ് അനുമാനം. ലേ-കാർഗിൽ ഹൈവേയിൽ സ്ഥിതി ചെയ്യുന്ന മാഗ്നെറ്റിക് ഹിൽ മണിക്കൂറിൽ 10-15 കിലോമീറ്റർ വേഗതയിൽ വാഹനങ്ങളെ മുകളിലേക്ക് വലിക്കുന്നു. പ്രകൃതിഭംഗിയും ഇവിടെ വേണ്ടുവോളം ആസ്വദിക്കാം.
ലോക്തക് തടാകം, മണിപ്പൂർ
ഒഴുകി നടക്കുന്ന ദ്വീപോ? മണിപ്പൂരിലാണ് ലോക്തക് എന്ന ഫ്ലോട്ടിംഗ് ദ്വീപ്. ഫുംഡീസ് എന്ന വിളിക്കുന്ന ചതുപ്പ് കരകളാണിത്. നിരവധി മത്സ്യത്തൊഴിലാളികളാണ് ഇവിടെ കഴിയുന്നത്. കിബുൾ ലംജാവോ ദേശീയോദ്യാനം ഇതിനുള്ളിലാണ് സ്ഥിതി ചെയ്യുന്നത്.
മോർജിം ബീച്ച്, ഗോവ
തീരത്തെ മണൽത്തരികളിൽ നിൽക്കുമ്പോൾ പാദങ്ങൾക്ക് താഴെ നക്ഷത്രങ്ങൾ കണ്ടാലോ? ഒരു സങ്കൽപ്പിക്കാൻ പോലും സാധിച്ചെന്ന് വരില്ല അല്ലേ. നീലാകാശത്തിന് പകരം നീല തീരം. നോർത്ത് ഗോവയിൽ സ്ഥിതി ചെയ്യുന്ന മോർജിം ബീച്ച് സന്ദർശിക്കണം ഈ വിസ്മയം കാണണമെങ്കിൽ.
ശാന്തവുമായ മനോഹരവുമായ കാഴ്ചകൾക്ക് പുറമേ വംശനാശഭീഷണി നേരിടുന്ന ഒലിവ് റിഡ്‌ലി കടലാമകൾക്കും ചെറിയ നക്ഷത്രങ്ങളെപ്പോലെ തിളങ്ങുന്ന ഫൈറ്റോപ്ലാങ്ക്ടണുകൾക്കും പ്രസിദ്ധമാണ്. ഗോവയിലെ ബെതാൽബാറ്റിം ബീച്ച്, ലക്ഷദ്വീപിലെ ബംഗാരം ബീച്ച്, ചെന്നൈയിലെ തിരുവാൻമിയൂർ ബീച്ച്, ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ ഹാവ്‌ലോക്ക് ദ്വീപുകൾ എന്നിവിടങ്ങളിലും സമാനമായ ബയോലുമിനെസെൻസ് പ്രഭാവം ഉണ്ട്.
നാനേഘട്ട് വെള്ളച്ചാട്ടം, മഹാരാഷ്‌ട്ര
മുകളിലേക്ക് വെള്ളം കുതിക്കുന്നൊരു വെള്ളച്ചാട്ടമോ? മഹാരാഷ്‌ട്രയിലെ നാനേഘട്ടിലാണ് ഈ അത്യപൂർവ പ്രതിഭാസം. മൺസൂൺ കാലത്താണ് ഇത് ദൃശ്യമാകുന്നത്. വെള്ളച്ചാട്ടത്തിന്റെ വേഗതയും മർദ്ദവും വളരെ കൂടുതലാണ്. ഇക്കാരണം കൊണ്ടാണ് താഴേക്ക് ചാടിയ വെള്ളം നിമിഷ നേരം കൊണ്ട് മുകളിലേക്ക് കുതിച്ചുയരുന്നത്. മുംബൈയിൽ നിന്ന് മൂന്ന് മണിക്കൂർ യാത്ര ചെയ്താൽ ഈ വിസ്മയം കാണാം.
രൂപ്കുണ്ഡ്, ഉത്തരാഖണ്ഡ്
ഹിമാലയൻ മേഖലയിലെ മഞ്ഞുമൂടിയ കൊടുമുടികൾക്കിടയിലുള്ള നിഗൂഢ തടാകമാണ് രൂപകുണ്ഡ് തടാകം. സമുദ്രനിരപ്പില്‍ നിന്ന് ഏകദേശം 16,500 അടി ഉയരത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ‘അസ്ഥികൂടങ്ങളുടെ തടാകം’ എന്നാണ് ഇത് അറിയപ്പെടുന്നത്. തടാകത്തിലാകെ അസ്ഥികൂടങ്ങളാണ്. എവിടെ നിന്നാണ് തടാകത്തിലേക്ക് അസ്ഥികൂടം എത്തിയത് എന്നത് ഇന്നും നിഗൂഢമാണ്. തടാകത്തിലെ മഞ്ഞ് ഉരുകുമ്പോഴാണ് മനുഷ്യ അസ്ഥികൂടങ്ങൾ ദൃശ്യമാകുന്നത്. ഇതുവരെ ഇവിടെ നിന്നും 800 വരെ അസ്ഥികൂടങ്ങൾ കണ്ടെത്തിയിട്ടുണ്ട്.
ചന്ദിപ്പൂർ ബീച്ച്, ഒഡീഷ
അപ്രത്യക്ഷമാകുന്ന ബീച്ചാണ് ചന്ദിപ്പൂർ ബീച്ച്. വേലിയേറ്റവും വേലിയറക്കവും അനുസരിച്ച് ബീച്ച് പ്രത്യക്ഷമാവുകയും അപ്രത്യക്ഷമാവുകയും ചെയ്യുന്നു.















