ന്യൂഡൽഹി: 2027 മാർച്ച് വരെയുള്ള മൂന്ന് സാമ്പത്തിക വർഷങ്ങളിൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ പ്രതിവർഷം 6.5 % മുതൽ 7 % വരെ വളർച്ച കൈവരിക്കുമെന്ന് എസ് ആൻ്റ് പി ഗ്ലോബൽ റേറ്റിംഗ് പ്രവചിക്കുന്നു. ഇന്ത്യയുടെ അടിസ്ഥാന സൗകര്യ ചെലവുകളും ശക്തമായ സ്വകാര്യ ഉപഭോഗവും സാമ്പത്തിക വളർച്ചയെ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
2023-24 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ 8.2 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്. 2024-25 സാമ്പത്തിക വർഷത്തിൽ സമ്പദ്‌വ്യവസ്ഥക്ക് ശതമാനം. 7.2 ശതമാനം വളർച്ച നേടാനാകുമെന്നാണ് ആർബിഐയുടെ കണക്കുകൂട്ടൽ. മറ്റു ചില സാമ്പത്തിക, ബ്രോക്കറേജ് സ്ഥാപനങ്ങൾ ഈ വർഷത്തെ ജിഡിപി നിരക്ക് ഏകദേശം 7 % ആയിരിക്കുമെന്ന് കണക്കാക്കിയിരുന്നു. എസ് ആൻ്റ് പി നടത്തിയ പ്രവചനവും ഇതേ ദിശയിലാണ്.
“ഇന്ത്യയുടെ പോസിറ്റീവ് സമ്പദ്‌വ്യവസ്ഥ കാരണം ബാങ്കുകളുടെ ശക്തമായ സ്ഥാനം തുടരും. കോർപ്പറേറ്റ് ബാലൻസ് ഷീറ്റിലെ മെച്ചപ്പെടുത്തലുകൾ, റിസ്ക് മാനേജ്മെൻ്റ് രീതികൾ എന്നിവയെല്ലാം ബാങ്കുകളെ കൂടുതൽ കരുത്തുറ്റതാക്കും.” എസ് ആൻ്റ് പി ഗ്ലോബൽ റേറ്റിംഗ്സ് അതിന്റെ റിപ്പോർട്ടിൽ അഭിപ്രായപ്പെട്ടു.
ഇന്ത്യയുടെ ബാങ്കിംഗ് മേഖലയെക്കുറിച്ചും എസ് ആൻ്റ് പിക്ക് വലിയ പ്രതീക്ഷകളുണ്ട്. 2024 മാർച്ച് 31-ന് ഇന്ത്യൻ ബാങ്കുകൾ കൈവശം വച്ചിരിക്കുന്ന ദുർബലമായ വായ്പകൾ 3.5 % ആണ്. 2025 മാർച്ച് 31-ഓടെ ഇത് 3 % ആയി കുറഞ്ഞേക്കുമെന്ന് എസ് ആൻ്റ് പി ഗ്ലോബൽ റേറ്റിംഗ്സ് അതിന്റെ റിപ്പോർട്ടിൽ പറഞ്ഞു.















