ദുബായ്: ഒച്ചപ്പാടും ബഹളവുമായി നിരത്തിൽ വാഹനമോടിച്ചാൽ വിവരമറിയുമെന്ന് ദുബായ് പൊലീസ്. അനുവദനീയമായതിൽ അധികം ശബ്ദവുമായി നിരത്തിലോടിയ വാഹനങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ദുബായ് പൊലീസ് അറിയിച്ചു. വാഹനങ്ങളിൽ അനധികൃത മോടിപിടിപ്പിക്കലുകൾ നടത്തി ശബ്ദമലിനീകരണമുണ്ടാക്കിയ 23 വാഹനങ്ങൾ പിടിച്ചെടുത്തു.
അൽ ഖവാനീജ് ഏരിയയിൽ നിന്നാണ് ശബ്ദമലിനീകരണമുണ്ടാക്കിയ വാഹനങ്ങൾ പിടിച്ചെടുത്തത്. നിയമലംഘകർക്കെതിരെ പിഴ ചുമത്തിയിട്ടുണ്ടെന്നും പിടിച്ചെടുത്ത വാഹനം വിട്ടുകിട്ടുന്നതിനുള്ള പിഴ 10,000 ദിർഹം വരെയാകുമെന്നും ദുബായ് പൊലീസിലെ ജനറൽ ഡിപാർട്ട്മെൻറ് ഓഫ് ട്രാഫിക് ഡയറക്ടർ മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്റൂയി വ്യക്തമാക്കി.
വാഹനങ്ങളിൽ മോടിപിടിപ്പിക്കലുകൾ നടത്തുന്നത് മറ്റുള്ളവരുടെ സുഖകരമായ യാത്രകൾക്ക് വലിയ തടസ്സമാണ് ഉണ്ടാക്കുന്നതെന്ന് പൊലീസ് അറിയിച്ചു. കുട്ടികൾക്കും മുതിർന്നവർക്കും ഇത് വലിയ അസ്വസ്ഥതയുണ്ടാക്കും. സൈലൻസറുകളിലും എൻജിനിലും മാറ്റംവരുത്തിയാണ് അമിതശബ്ദമുണ്ടാക്കുന്നത്. ഇത്തരത്തിലുള്ള വാഹനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻതന്നെ കൺട്രോൾ സെന്ററിൽ 901 എന്ന നമ്പറിൽ വിളിച്ച് വിവരമറിയിക്കണമെന്നും പൊലീസ് അറിയിച്ചു.







