പത്തനംതിട്ട: കാനനവാസൻ, കലിയുഗവരധൻ അയ്യപ്പസ്വാമിയെ ദർശിക്കാൻ ഇന്ന് മുതൽ ഭക്തർ ശബരിമലയിലേക്ക്. പുലർച്ചെ മൂന്നിന് മേൽശാന്തി അരുൺകുമാർ നമ്പൂതിരി നട തുറന്നതോടെ മണ്ഡലകാല തീർത്ഥാടനത്തിന് തുടക്കമായി. ഇനി ശരണമന്ത്രത്തിന്റെ നാളുകൾ. പതിനെട്ടാം പടിക്ക് താഴെ ഹോമകുണ്ഡത്തിൽ ദീപപ്രഭ തെളിഞ്ഞു.
ഇന്നലെ മുതൽ തന്നെ തീർത്ഥാടകർ സന്നിധാനത്ത് തമ്പടിച്ചിരുന്നു. 70,000 പേരാണ് ദർശനത്തിനായി വെർച്വർ ക്യൂ വഴി ബുക്ക് ചെയ്തിരിക്കുന്നത്. വരും ദിവസങ്ങളിൽ പുലർച്ചെ മൂന്ന് മണിയ്‌ക്കായിരിക്കും നട തുറക്കുക. 3.30 മുതൽ നെയ്യഭിഷേകം നടക്കും. രാവിലെ 7.30-ന് ഉഷഃപൂജയും 12.30-ന് ഉച്ചപൂജയും നടക്കും. ഉച്ചയ്‌ക്ക് ഒന്നിന് നട അടയ്‌ക്കും. വൈകിട്ട് മൂന്ന് മണിയ്‌ക്ക് വീണ്ടും നട തുറക്കും. വൈകിട്ട് 6.30-ന് ദീപാരാധനയ്‌ക്ക് ശേഷം രാത്രി 11 മണിയ്‌ക്ക് ഹരിവരസാനം പാടിയാണ് നട അടയ്‌ക്കുക.
കഴിഞ്ഞ ദിവസമാണ് ശബരില മേൽശാന്തിയായി അരുൺകുമാർ നമ്പൂതിരിയും മാളികപ്പുറം മേൽശാന്തിയായി വാസുദേവൻ നമ്പൂതിരിയും ചുമതലയേറ്റത്. മുൻ മേൽശാന്തി പി.എൻ മഹേഷ് നമ്പൂതിരിയാണ് വൈകിട്ട് വൃശ്ചികപൂജയ്‌ക്ക് മുന്നോടിയായി അയ്യന്റെ നട തുറന്നത്.
തിരക്ക് നിയന്ത്രിക്കുന്നതിനായി കൂടുതൽ പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കും. തീർത്ഥാടകരുടെ തിരക്ക് കണക്കിലെടുത്ത് ദർശന സമയം 18 മണിക്കൂറായി നീട്ടുമെന്ന് ദേവസ്വം ബോർഡ് അറിയിച്ചു.