സൂര്യ പ്രധാന വേഷത്തിലെത്തിയ ബ്രഹ്മാണ്ഡ ചിത്രം കങ്കുവയുടെ കളക്ഷൻ റിപ്പോർട്ട് പുറത്തെത്തി. 14-ന് തിയേറ്ററിലെത്തിയ ചിത്രം രണ്ട് ദിവസം കൊണ്ട് 58 കോടിയാണ് നേടിയത്. സമ്മിശ്ര പ്രതികരണങ്ങൾ നേടി പ്രദർശനം തുടരുമ്പോഴും കളക്ഷനിൽ കുതിക്കുകയാണ് കങ്കുവ. സൂര്യയുടെ കരിയറിലെ ഏറ്റവും വലിയ ആദ്യ ദിന ആഗോള ഗ്രോസ് എന്നാണ് പുറത്തുവരുന്ന വിവരം.
കേരളത്തിൽ 500-ലധികം സ്ക്രീനുകളിലാണ് പ്രദർശനം നടക്കുന്നത്. കങ്കുവയ്‌ക്ക് പ്രതീക്ഷിച്ച രീതിയിൽ പ്രേക്ഷകർക്കിടയിൽ സ്വീകാര്യത നേടാൻ സാധിക്കാത്തത് അണിയറ പ്രവർത്തകർക്ക് വലിയ തിരിച്ചടിയായിരുന്നു. ബിഗ്ബജറ്റിൽ പിരീഡ് ആക്ഷൻ ഡ്രാമയായി ഒരുങ്ങിയ ചിത്രം ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് കേരളത്തിലെത്തിച്ചത്.
350 കോടി ബജറ്റിലൊരുങ്ങിയ ചിത്രത്തെ ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരുന്നത്. എന്നാൽ തിയേറ്ററിലെത്തി ആദ്യ മണിക്കൂറുകളിൽ തന്നെ പ്രേക്ഷകരുടെ ഭാഗത്ത് നിന്നും മോശം പ്രതികരണങ്ങളാണ് ലഭിച്ചത്. ഇതിനിടെ കഴിഞ്ഞ ദിവസം ചിത്രത്തിന്റെ വ്യാജപതിപ്പ് പുറത്തിറങ്ങിയിരുന്നു.
റിലീസിനെത്തി ഒരു ദിവസം കഴിഞ്ഞപ്പോഴാണ് തമിഴ് റോക്കേഴ്സ് പോലുള്ള ടെലഗ്രാം അക്കൗണ്ടുകളിൽ വ്യാജപതിപ്പ് പ്രത്യക്ഷപ്പെട്ടത്. സിനിമ ചോർത്തിയവർക്കെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് നിർമാതാക്കളായ സ്റ്റുഡിയോ ഗ്രീൻ അറിയിച്ചു.