ബ്രോഡ്ബാൻഡ് കണക്റ്റിവിറ്റി മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ട് ഇസ്രോ വികസിപ്പിച്ച കമ്മ്യൂണിക്കേഷൻ സാറ്റ്ലെറ്റ് ജിസാറ്റ്-20 യുടെ വിക്ഷേപണം അടുത്തയാഴ്ചയെന്ന് ഇസ്രോ. വിക്ഷേപണത്തിനൊപ്പം പുതുചരിത്രം കൂടിയാണ് ഇന്ത്യൻ ബഹിരാകാശ മേഖല കൈവരിക്കാനൊരുങ്ങുന്നത്.
ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള സ്പേസ്എക്സിന്റെ ഫാൽക്കൺ-9 റോക്കറ്റാകും ഇന്ത്യയുടെ ഉപഗ്രഹവുമായി കുതിക്കുക. ചരിത്രത്തിലാദ്യമായാണ് രാജ്യത്തിന് പുറത്തുള്ള ലോഞ്ചറിന്റെ ചിറകേറി ഇന്ത്യയുടെ സാറ്റ്ലെറ്റ് കുതിക്കുന്നത്. ഇസ്രോയും സ്പേസ്എക്സും തമ്മിലുള്ള വാണിജ്യ സഹകരണങ്ങളിൽ ആദ്യത്തേതാണിത്.
4,700 കിലോഗ്രാം ഭാരമാണ് ജിസാറ്റ്-20 ഉപഗ്രഹത്തിനുള്ളത്. ഇന്ത്യയുടെ റോക്കറ്റ് ലോഞ്ചറുകൾക്ക് ഇത്രയേറെ ഭാരം വഹിക്കാനുള്ള സംവിധാനം നിലവിൽ ഇല്ല. ഇക്കാരണം കൊണ്ടാണ് സ്പേസ്എക്സിന് പങ്കാളിയാക്കുന്നത്. യുഎസിലെ കേപ് കാനവറലിൽ നിന്നാകും ഉപഗ്രഹത്തിന്റെ വിക്ഷേപണം. 14 വർഷമാകും ഇത് പ്രവർത്തിക്കുക. ഇസ്രോയുടെ വാണിജ്യ വിഭാഗമായ ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡ് ( എൻഎസ്ഐഎൽ) ആണ് ഉപഗ്രഹം വികസിപ്പിച്ചത്. 32 ബീമുകളിൽ 48 ജിബിപിഎസ് കപ്പാസിറ്റി നൽകാൻ ഇതിന് സാധിക്കും. നഗര ഗ്രാമ വ്യത്യാസമില്ലാതെ, വിദൂര പ്രദേശങ്ങളിൽ പോലും കണക്റ്റിവിറ്റി നൽകാൻ ജിസാറ്റ്-20-ന് കഴിയുന്നു.
60-70 ദശലക്ഷം ഡോളറാണ് വിക്ഷേപണത്തിനുള്ള ചെലവായി കണക്കാക്കപ്പെടുന്നത്. ജമ്മു കശ്മീർ, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ, ലക്ഷദ്വീപ് എന്നിവിടങ്ങളിൽ പോലും കണക്റ്റിവിറ്റി നൽകാൻ ജിസാറ്റ്-20ക്ക് സാധിക്കുമെന്നാണ് വിലയിരുത്തൽ.