‘കങ്കുവ’ സിനിമ കണ്ടിറങ്ങിയ എല്ലാവരും ഒരു പോലെ വിമർശിച്ചത് ചിത്രത്തിന്റെ സൗണ്ട് മിക്സിങ്ങിനെയായിരുന്നു. തിയറ്ററിലിരുന്ന് സിനിമ കണ്ടവർക്ക് തലവേദനയുണ്ടാക്കുന്ന തരത്തിലാണ് ചിത്രത്തിന്റെ ശബ്ദലേഖനമെന്ന് സമൂഹമാധ്യമങ്ങളിലുൾപ്പടെ വിമർശനമുയർന്നു.
അതിനു പിന്നാലെ ‘കങ്കുവ’യുടെ നിർമ്മാതാക്കൾ തിയേറ്റർ ഉടമകളോട് പ്രത്യേക അഭ്യർത്ഥനയുമായി രംഗത്തെത്തിയിരിക്കുകയാണ് . തിയേറ്ററിൽ സിനിമ പ്രദർശിക്കുന്ന സമയത്ത് ശബ്ദം കുറയ്‌ക്കണമെന്നാണ് ഇവരുടെ അഭ്യർത്ഥന.നിർമ്മാതാവ് ജ്ഞാനവേൽ രാജുവാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത് .
‘ഞങ്ങൾ ഇത് അവതരിപ്പിക്കുന്നവരോട് അഭ്യർത്ഥിച്ചിട്ടുണ്ട്. തീയറ്ററിൽ ശബ്ദം രണ്ട് പോയിൻ്റ് താഴ്‌ത്തി നിർത്താൻ ഞങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്. ശബ്ദം വളരെ കഠിനമാണെന്ന് ചിലർ പരാതിപ്പെട്ടു. അതിനാലാണ് ഞങ്ങൾ ഈ അഭ്യർത്ഥന നടത്തിയത്, ഇതിൽ ദേവിശ്രീ പ്രസാദ് തെറ്റുകാരനല്ല. ശബ്ദമിശ്രണത്തിലാണ് പ്രശ്നം. ഉടൻ ശരിയാക്കും ‘ അദ്ദേഹം പറഞ്ഞു.
നവംബർ 14നാണ് ‘കങ്കുവ’ എന്ന ചിത്രം റിലീസ് ചെയ്തത്. ട്രെയ്‌ലറിലൂടെ ചിത്രം ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. എന്നാൽ, ചിത്രം പ്രതീക്ഷിച്ച പോലെ വിജയിച്ചില്ല. ‘സൂര്യയുടെ കരിയറിലെ ഏറ്റവും മോശം ചിത്രമാണിത്’ എന്നാണ് ചിലരുടെ വിമർശനം.